ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഭാവി ബ്രിട്ടീഷ് രാജാവായേക്കുന്ന പ്രിൻസ് ജോർജിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിർണായക തീരുമാനത്തിനൊരുങ്ങുകയാണ് പ്രിൻസ് വില്യവും കാതറിൻ പ്രിൻസസ് ഓഫ് വെയിൽസും എന്ന റിപോർട്ടുകൾ പുറത്തുവന്നു . അടുത്ത അധ്യയന വർഷത്തിൽ ജോർജ് രാജകുമാരൻ ഏത് സെക്കൻഡറി സ്കൂളിൽ പഠിക്കണമെന്ന കാര്യത്തിൽ ഇരുവരും ആലോചന നടത്തുന്നതിനിടെയാണ് ഇംഗ്ലണ്ടിലെ നോർത്ത് നോർതാംപ്ടൺഷെയറിലുള്ള ഓണ്ടിൽ സ്കൂൾ അവർ സന്ദർശിച്ചതായി ഉള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. 1556-ൽ സ്ഥാപിതമായ ഈ പ്രശസ്ത ബോർഡിംഗ് സ്കൂൾ ബ്രിട്ടനിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ സ്കൂളുകളിൽ ഒന്നാണ്. വാർഷിക ഫീസ് ബോർഡിംഗ് വിദ്യാർത്ഥികൾക്ക് ഏകദേശം 45,000 പൗണ്ടും ഡേ സ്കോളർമാർക്ക് 22,000 പൗണ്ടും വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോൾ ജോർജും സഹോദരങ്ങളായ ഷാർലറ്റും ലൂയിസും ബെർക്‌ഷെയറിലെ ലാംബ്രൂക്ക് സ്കൂളിലാണ് പഠിക്കുന്നത്. എന്നാൽ 12 വയസുകാരനായ ജോർജ് ഈ വർഷം സെക്കൻഡറി വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനാൽ പുതിയ സ്കൂൾ തിരഞ്ഞെടുക്കേണ്ട ഘട്ടമാണ് കുടുംബത്തിന് മുന്നിലുള്ളത്. പാരമ്പര്യ മൂല്യങ്ങൾക്കൊപ്പം പരിസ്ഥിതി ബോധവും വിദ്യാർത്ഥികളുടെ മാനസിക പരിപാലനത്തിനും പ്രാധാന്യം നൽകുന്ന സ്ഥാപനമായാണ് ഓണ്ടിൽ സ്കൂൾ അറിയപ്പെടുന്നത്. കായിക-സംഗീത പഠനത്തിനും ഈ സ്ഥാപനം പ്രശസ്തമാണ്. ലാറ്റിൻ, പ്രാചീന ഗ്രീക്ക്, ചൈനീസ് ഭാഷകൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നുണ്ട്. പ്രശസ്ത ശാസ്ത്രജ്ഞൻ റിച്ചാർഡ് ഡോക്കിൻസ്, സംഗീതജ്ഞൻ ബ്രൂസ് ഡിക്കിൻസൺ തുടങ്ങിയവരാണ് ഈ സ്കൂളിലെ മുൻ വിദ്യാർത്ഥികൾ.

അതേസമയം, ജോർജിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മറ്റ് പ്രമുഖ സ്കൂളുകളുടെയും പേരുകൾ ഉയരുന്നുണ്ട്. പിതാവായ വില്യം പഠിച്ച ഈറ്റൺ കോളേജും മാതാവ് കേറ്റ് പഠിച്ച മാർൽബറോ കോളേജും സാധ്യതാപട്ടികയിൽ ഉൾപ്പെടുന്നു. കുടുംബത്തിലെ മൂന്ന് കുട്ടികളെയും ഒരേ സ്കൂളിൽ പഠിപ്പിക്കണമെന്ന നിലപാട് കേറ്റ് മുമ്പ് വ്യക്തമാക്കിയിരുന്നു. രാജകുടുംബ നിരീക്ഷകരുടെ വിലയിരുത്തലുപ്രകാരം അന്തിമ തീരുമാനം അടുത്ത മാസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.