ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ രണ്ട് വർഷത്തിനിടെ ഏകദേശം 1.16 ലക്ഷം പൗണ്ട് മൂല്യമുള്ള സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ മോഷ്ടിച്ച കേസിൽ കൗമാരക്കാരന് കോടതി ജയിൽശിക്ഷ ഒഴിവാക്കി . 15-ാം വയസ്സിൽ തന്നെ സംഘടിത മോഷണസംഘത്തോടൊപ്പം ചേർന്ന് ബൂട്സ്, ഹോളണ്ട് ആൻഡ് ബാരറ്റ് എന്നീ സ്റ്റോറുകളിൽ മോഷണങ്ങൾ നടത്തിയെന്നാണ് കണ്ടെത്തിയത്. ഇപ്പോൾ 17 വയസ്സുള്ള പ്രതി 15 മോഷണക്കേസുകളിൽ കുറ്റം സമ്മതിച്ചു . ഇത് കൂടാതെ 45 മറ്റ് കേസുകളും കോടതി പരിഗണനയിൽ ഉണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബൂട്സ് സ്റ്റോറുകളിൽ നിന്നുമാത്രം ഏകദേശം 59,000 പൗണ്ടിന്റെ സാധനങ്ങൾ മോഷ്ടിച്ചതായി കോടതിയിൽ തെളിഞ്ഞിട്ടുണ്ട് . ലണ്ടനിലെ വിവിധ പ്രദേശങ്ങളിലെ സ്റ്റോറുകളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത് . ഏറ്റവും വലിയ മോഷണത്തിൽ കെൻസിങ്ടൺ ആൻഡ് ചെൽസിയിലെ ബൂട്സ് ശാഖയിൽ നിന്ന് 9,300 പൗണ്ടിലധികം വിലവരുന്ന സാധനങ്ങൾ എടുത്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സൗന്ദര്യക്രീമുകൾ ഉൾപ്പെടെയുള്ള വിലകൂടിയ ഉൽപ്പന്നങ്ങളാണ് സംഘം പ്രധാനമായും മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു.

കോടതിയിൽ അമ്മയ്ക്കൊപ്പമെത്തിയ പ്രതി തന്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ചു. ഇനി ജീവിതം തിരുത്തി മാതാപിതാക്കളോടൊപ്പം ജോലി ചെയ്യുകയാണെന്നും അപ്രന്റിസ്‌ഷിപ്പ് നേടാൻ ശ്രമിക്കുകയാണെന്നും പ്രതി പറഞ്ഞു. ഒരു വർഷത്തേക്ക് ഇയാളെ ബൂട്സ്, ഹോളണ്ട് ആൻഡ് ബാരറ്റ് സ്റ്റോറുകളിൽ പ്രവേശിക്കുന്നത് കോടതി വിലക്കുകയും നഷ്ടപരിഹാരം അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. ഇത് ജീവിതം തിരുത്താനുള്ള അവസരമായി കാണണം എന്ന് മജിസ്ട്രേറ്റ് മുന്നറിയിപ്പ് നൽകി.