ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ ഉരുക്ക് നിർമാണ കമ്പനിയായ ബ്രിട്ടീഷ് സ്റ്റീൽ പൂർണമായും ദേശസാൽക്കരിക്കാനുള്ള പ്രഖ്യാപനം ഈ ആഴ്ച രാജാവിന്റെ പ്രസംഗത്തിൽ ഉൾപ്പെടുമെന്ന റിപ്പോർട്ട് പുറത്തുവന്നു . ചൈനീസ് കമ്പനി ജിംഗ്യേയുടെ നിയന്ത്രണത്തിലായിരുന്ന കമ്പനിയുടെ ദൈനംദിന പ്രവർത്തനം കഴിഞ്ഞ വർഷം തന്നെ ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തിരുന്നു. സ്കൺതോർപ്പിലെ പ്ലാന്റിൽ 3,500 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ബ്രിട്ടനിലെ അവസാന രണ്ട് ബ്ലാസ്റ്റ് ഫർണസുകളും ഇവിടെയാണ് പ്രവർത്തിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2016ൽ സ്വകാര്യ നിക്ഷേപ ഗ്രൂപ്പായ ഗ്രേബുൾ ക്യാപിറ്റൽ ഏറ്റെടുത്ത ബ്രിട്ടീഷ് സ്റ്റീൽ പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തകർന്നിരുന്നു. തുടർന്ന് 2020 ൽ ജിംഗ്യേ കമ്പനി ഏറ്റെടുക്കുകയായിരുന്നു . സ്കൺതോർപ്പിലും ടീസ്സൈഡിലും ഇലക്ട്രിക് ആർക്ക് ഫർണസ് സ്ഥാപിക്കാനുള്ള പദ്ധതി ജിംഗ്യേ മുന്നോട്ടുവെച്ചെങ്കിലും സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടിരുന്നു. പിന്നാലെ 2025 ഏപ്രിലിൽ ബ്ലാസ്റ്റ് ഫർണസുകൾ അടച്ചുപൂട്ടാനുള്ള നീക്കവും കമ്പനി നടത്തിയിരുന്നു. ഇത് ബ്രിട്ടന്റെ പ്രാഥമിക ഉരുക്ക് നിർമാണ ശേഷിക്ക് തന്നെ തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നതോടെയാണ് സർക്കാർ ഇടപെട്ടത്.

അതേസമയം കമ്പനിയെ നിലനിർത്തുന്നതിനുള്ള ചെലവ് വൻതോതിൽ ഉയരുന്നതായും റിപ്പോർട്ടുണ്ട്. ഈ വർഷം ജനുവരി അവസാനത്തോടെ മാത്രം 377 മില്യൺ പൗണ്ടാണ് ചെലവായത്. നിലവിലെ രീതിയിൽ മുന്നോട്ടുപോയാൽ 2028 ഓടെ ഇത് 1.5 ബില്യൺ പൗണ്ടിന് മുകളിലെത്താമെന്നാണ് നാഷണൽ ഓഡിറ്റ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് . കമ്പനിയെ വാങ്ങാൻ അമേരിക്കൻ നിക്ഷേപകൻ മൈക്കിൾ ഫ്ലാക്സ് ഉൾപ്പെടെ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമാണ ശൃംഖല രൂപീകരിക്കാൻ ഏക ഉടമസ്ഥതയിൽ കമ്പനി ലയിപ്പിക്കണമെന്ന നിർദേശവും ഉയർന്ന് വരുന്നുണ്ട് .