രാജ്യത്തെ ഞെട്ടിച്ച നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടന്ന പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി റദ്ദാക്കി. ഇതോടെ 22 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതേണ്ട സാഹചര്യമാണുണ്ടായത്. പുതിയ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു. രാജസ്ഥാൻ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ചിരുന്ന വൻ ചോദ്യപേപ്പർ മാഫിയയുടെ വിവരങ്ങൾ പുറത്തുവന്നത്.

മഹാരാഷ്ട്രയിലെ നാസിക്കിലെ ഒരു പ്രിന്റിങ് പ്രസിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ‘മാതൃകാ ചോദ്യപേപ്പർ’ എന്ന പേരിൽ പരീക്ഷയ്ക്ക് ദിവസങ്ങൾ മുൻപേ ഇത് വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. രാജസ്ഥാനിലെ സിക്കാർ കേന്ദ്രീകരിച്ചാണ് ചോദ്യപേപ്പർ വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തതെന്നാണ് റിപ്പോർട്ട്. 30,000 രൂപ മുതൽ 28 ലക്ഷം രൂപ വരെ വാങ്ങിയാണ് ചോദ്യപേപ്പർ കൈമാറിയതെന്നും പോലീസ് കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലും കേസിന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സിക്കാറിൽ നിന്ന് ചോദ്യപേപ്പർ ലഭിച്ച ഒരു എംബിബിഎസ് വിദ്യാർഥി അത് തന്റെ പിതാവിന് അയച്ചുനൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ചോദ്യപേപ്പർ കൈമാറിയ പിതാവ് പരീക്ഷ കഴിഞ്ഞ ശേഷം ചോദ്യങ്ങൾ ഒറിജിനൽ പരീക്ഷയിലേതുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി പോലീസിനെയും എൻടിഎയെയും വിവരമറിയിക്കുകയായിരുന്നു. കേസിൽ ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിബിഐ അന്വേഷണം തുടരുന്നതിനിടെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഒരാളെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.