ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദീർഘസമയം മറ്റുള്ളവരെ പരിചരിക്കുന്ന മധ്യവയസ്കർക്കും വയോധികർക്കും മാനസിക ശേഷി വേഗത്തിൽ കുറയാൻ സാധ്യതയുണ്ടെന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു . ആഴ്ചയിൽ 50 മണിക്കൂറിലധികം പരിചരണ ചുമതല വഹിക്കുന്നവരിൽ “വേഗത്തിലുള്ള ബൗദ്ധിക തകർച്ച” കണ്ടെത്തിയതായി യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഗവേഷകർ വ്യക്തമാക്കി. എന്നാൽ ആഴ്ചയിൽ അഞ്ച് മുതൽ ഒൻപത് മണിക്കൂർ വരെ മാത്രം പരിചരണം നൽകുന്നവരിൽ മറിച്ച് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. കുടുംബാംഗങ്ങളുമായുള്ള ഇടപെടലും ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടെന്ന ബോധവുമാണ് ഇതിന് സഹായകരമാകുന്നതെന്ന് ഗവേഷണസംഘം വിലയിരുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

50 വയസിന് മുകളിലുള്ള 2,765 പരിചരണക്കാരെയും അതേ പ്രായത്തിലുള്ള 2,765 പരിചരണമില്ലാത്തവരെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. തീരുമാനമെടുക്കാനുള്ള കഴിവ്, ഒരേസമയം പല കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി, ഓർമ്മശക്തി തുടങ്ങിയവയാണ് പ്രധാനമായി പരിശോധിച്ചത്. അതിതീവ്ര പരിചരണ ചുമതലകൾ വഹിക്കുന്നവർക്ക് സാമൂഹിക ജീവിതം നഷ്ടപ്പെടുകയും ഉറക്കക്കുറവും ഏകാന്തതയും വർദ്ധിക്കുകയും ചെയ്യുന്നതായി ഗവേഷകർ പറഞ്ഞു. വീടിനുള്ളിൽ ഒരാളെ സ്ഥിരമായി പരിചരിക്കുന്നവരിലാണ് ബൗദ്ധിക ശേഷി കുറയുന്നത് കൂടുതൽ വേഗത്തിലാണെന്നും പഠനം വ്യക്തമാക്കുന്നു.

കെയേഴ്സ് യുകെ  ഈ കണ്ടെത്തലുകൾ “അത്യന്തം ആശങ്കാജനകമാണെന്ന്” പ്രതികരിച്ചു. 2021 ലെ ബ്രിട്ടീഷ് സെൻസസ് പ്രകാരം 58 ലക്ഷം പേർ പ്രതിഫലമില്ലാതെ പരിചരണ സേവനം നൽകുന്നുണ്ടെന്നും അതിൽ 17 ലക്ഷം പേർ ആഴ്ചയിൽ 50 മണിക്കൂറിലധികം സമയം ചെലവഴിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. പരിചരണക്കാരിൽ 74 ശതമാനം പേർ മാനസിക സമ്മർദവും ആശങ്കയും അനുഭവിക്കുന്നതായി ചാരിറ്റി സംഘടനയുടെ പഠനത്തിൽ കണ്ടെത്തി. കുടുംബാംഗങ്ങളെ പരിചരിക്കുന്നവർക്കായി കൂടുതൽ സർക്കാർ സഹായവും പകരം പരിചരണ സംവിധാനങ്ങളും ഉറപ്പാക്കണമെന്ന് ഗവേഷകരും സാമൂഹിക സംഘടനകളും ആവശ്യപ്പെട്ടു.