ജിമ്മി കൂറ്റാരപ്പള്ളി

​മദർവെൽ; സ്‌കോട്‌ലാൻഡ്:
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രവഴികളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു അത്യപൂർവ നേട്ടത്തിന് സ്കോട്ടിഷ് മണ്ണ് സാക്ഷിയാകുന്നു. മദർവെൽ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷൻ തങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന “സ്വന്തം ദേവാലയം” യാഥാർഥ്യമാക്കിയിരിക്കുന്നു.
“പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായി മാറി” എന്ന തിരുവചനത്തെ അന്വർത്ഥമാക്കുന്ന ഈ ചരിത്രവിജയം,
കേവലം നൂറിൽ താഴെവരുന്ന ഒരു പ്രവാസി കുടുംബസമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രാർത്ഥനയുടെയും മകുടോദാഹരണമാണ്. ഇനിമുതൽ “സെന്റ് മേരീസ് സീറോ മലബാർ ചർച്ച്, മദർവെൽ” (മർത്ത് മറിയം പള്ളി) എന്ന നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ ദേവാലയം, സ്‌കോട്‌ലാൻഡിലെ സീറോ മലബാർ വിശ്വാസികളുടെ ജീവസ്സുറ്റ സാക്ഷ്യവും തലമുറകളുടെ സ്വപ്നസാക്ഷാത്കാരവുമാണ്. ഈയടുത്ത കാലത്ത് സ്വന്തമായി ഒരു വൈദികൻ പോലുമില്ലാതെ, പ്രതിസന്ധികളുടെ ചുഴിയിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന ഒരു ചെറിയ സമൂഹം, ഇന്ന് സ്വന്തമായി ഒരു ദൈവാലയത്തിന്റെ അധിപരായിമാറിയിരിക്കുന്നു എന്നത് സഭയുടെ കുടിയേറ്റ ചരിത്രത്തിലെ ഒരു വിസ്മയ അധ്യായമാണ്. ഈ സ്വപ്നപദ്ധതിക്ക് പ്രത്യാശയുടെ കെടാവിളക്കായി നേതൃത്വം നൽകിയത് മിഷൻ ഡയറക്ടറായ റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ (സുനിലച്ചൻ) ആണ്. അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ മാർഗ്ഗദർശനത്തിൽ വിശ്വാസിസമൂഹം ഒന്നടങ്കം കൈകോർത്തപ്പോഴാണ് വർഷങ്ങളുടെ കാത്തിരിപ്പും പ്രാർത്ഥനയും സഫലമായത്.

*2002-ൽ തുടക്കം കുറിച്ച പ്രാരംഭ ചരിത്രം :*

സ്‌കോട്‌ലാൻഡിലെ മലയാളി കുടിയേറ്റത്തിന്റെ തറവാടായ കാംബസ് ലാങ് (Cambuslang) കേന്ദ്രീകരിച്ചാണ് ഈ വിശ്വാസസമൂഹത്തിന്റെ ആത്മീയയാത്ര ആരംഭിക്കുന്നത്.
2002: തലശ്ശേരി അതിരൂപതാംഗമായ റവ. ഫാ. തോമസ് ജോസഫ് തേരകത്തച്ചൻ കാംബസ് ലാങ് പള്ളിയിൽ ആദ്യമായി മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. “അന്നാപ്പെസഹാ തിരുനാളി” ൻ്റെ ഈരടികൾ ആദ്യമായി സെന്റ് ബ്രൈഡ്സ് ദേവാലയത്തിൽ മുഴങ്ങിയപ്പോൾ, അത് സ്‌കോട്‌ലാൻഡിലെ സീറോ മലബാർ സഭയുടെ ചരിത്രപ്പിറവിയായിരുന്നു എന്നാരും കരുതിയതേയില്ല.

2003: ലണ്ടനിലെ ഫാ. ബിജു ജോൺ കൊച്ചുപറമ്പിലുമായി ബന്ധപ്പെടുകയും കാംബസ്ലാങ്ങിൽ മാസത്തിലൊരിക്കൽ സീറോ മലബാർ ആരാധന ക്രമീകരിക്കുകയും ചെയ്തു. ഗ്ലാസ്ഗോ മലയാളി കുടിയേറ്റ ചരിത്രത്തിൽ കത്തോലിക്കാ വിശ്വാസികളുടെ മാത്രമല്ല, ഇതര ക്രൈസ്തവ സഭാംഗങ്ങളുടെയും ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കും ഫാ. ബിജു ജോണിന്റെ സേവനം നിസ്തുലമായിരുന്നു.

2005 – 2006: ബഹുമാനപ്പെട്ട പോൾ മോർട്ടൺ അച്ചന്റെയും ഫാ. ബിജു ജോണിന്റെയും സഹകരണത്തോടെ, സീറോ മലബാർ സിനഡ് മൈഗ്രന്റ് കമ്മീഷൻ ചെയർമാൻ മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ പിതാവിനൊപ്പം ഞങ്ങൾ സ്കോട്‌ലൻഡിലെ രൂപതാ മെത്രാന്മാരെ സന്ദർശിച്ച് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2006 നവംബർ 7-ന് ഫാ. സെബാസ്റ്റ്യൻ കല്ലത്ത് വി.സി. (മദർവെൽ രൂപത), ഫാ. ജോയി ചേറാടി സി.എം.എഫ്. (ഗ്ലാസ്ഗോ രൂപത), ഫാ. ജോസ് വി.സി. (എഡിൻബർഗ്ഗ് രൂപത) എന്നിവരെ സീറോ മലബാർ ചാപ്ലെയിൻമാരായി നിയമിച്ചു.

*കൂട്ടായ്മയുടെയും വളർച്ചയുടെയും കാലഘട്ടം:*

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് വിവിധ അപ്പോസ്തോലിക സഭകളെ ഉൾപ്പെടുത്തി ICOMS (Indian Christians of Motherwell Scotland) എന്ന ഐക്യുമെനിക്കൽ കൂട്ടായ്മ രൂപീകരിച്ചു. പള്ളി കമ്മിറ്റി, ഗായകസംഘം, പ്രാർത്ഥനാ ഗ്രൂപ്പുകൾ, മതബോധന ക്ലാസുകൾ, ആത്മീയ ധ്യാനങ്ങൾ എന്നിവയ്ക്ക് പുറമെ ചെണ്ടയും നൃത്തവും ഉൾപ്പെടെയുള്ള സാംസ്കാരിക തനിമയും ഇവിടെ വളർന്നു പന്തലിച്ചു.

2011: ഫാ. സെബാസ്റ്റ്യൻ കല്ലത്ത് നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ഫാ. ജോസഫ് വെമ്പാടംന്തറ വി.സി. പുതിയ ചാപ്ലെയിനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ ഒരു കത്തോലിക്കാ കമ്മ്യൂണിറ്റിയായി പൂർണ്ണമായി പരിവർത്തനം ചെയ്യപ്പെട്ടത്.
2016: കമ്മ്യൂണിറ്റിയുടെ ആസ്ഥാനം കാംബസ് ലാങ്ങിൽ നിന്നും ഹാമിൽട്ടണിലെ സെന്റ് കത്ത്ബർട്ടിലേക്ക് മാറ്റി. ഇതേവർഷം ജൂലൈ 28-നാണ് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ നിലവിൽ വന്നത്.
2018: നവംബർ 24-ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഈ സമൂഹത്തെ “സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷൻ, ഹാമിൽട്ടൺ” ആയി പ്രഖ്യാപിച്ചു.
2019-2025: 2019-ൽ ക്നാനായ വിശ്വാസികൾക്കായി ഹോളി ഫാമിലി മിഷൻ നിലവിൽ വന്നു. 2021 ഏപ്രിൽ മുതൽ 2025 ജൂലൈ വരെ ഫാ. ജോണി വെട്ടിക്കൽ വി.സി. മിഷന്റെ ആത്മീയ ചുമതല നിർവ്വഹിച്ചു.

*സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് വഴിതുറന്ന വിസ്മയക്കുതിപ്പ്* :

2025 ജനുവരിയിലാണ് സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നപദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് 2025 ഓഗസ്റ്റിൽ റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ (സുനിലച്ചൻ) മിഷന്റെ അമരക്കാരനായി എത്തിയതോടെ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത കൈവന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മദർവെല്ലിലെ കുടിയേറ്റ സമൂഹം ഒന്നടങ്കം നടത്തിയ പ്രാർത്ഥനാപൂർവ്വമായ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും പരിസമാപ്തിയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്ന ‘മാർട്ട് മറിയം പള്ളി’.

പുതിയ ദേവാലയത്തിന്റെ പ്രതിഷ്ഠാ-വെഞ്ചരിപ്പ് കർമ്മങ്ങൾ ജൂലൈ 26-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. യുകെയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മതരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ചടങ്ങിൽ സന്നിഹിതരാകും.
സ്‌കോട്‌ലാൻഡിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുന്ന ഈ അഭിമാന നിമിഷത്തിലേക്ക് ജാതി-മത ഭേദമന്യേ എല്ലാ പ്രവാസി മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ഈ ദേവാലയം കേവലം ഒരു കെട്ടിടമല്ല, മറിച്ച് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഒരു ജനതയുടെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രാർത്ഥനയുടെയും ജീവിക്കുന്ന സ്മാരകമാണ്.
ദേവാലയത്തിന്റെ വിലാസം:
St. Mary’s Syro-Malabar Catholic Church
Motherwell, ML2 7UY