ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ധന മോഷണം തുടര്‍ച്ചയായതോടെ നാട്ടുകാരുടെ സഹായത്തോടെ കള്ളന്മാരെ കുടുക്കിയ സംഭവമാണ് ബ്രിട്ടനിലെ ഗ്വിനെത്തില്‍ ശ്രദ്ധേയമായത്. ട്രാവ്സ്ഫിനിഡ് പ്രദേശത്തെ പെട്രോള്‍ പമ്പ് ഉടമയായ ജൂഡിത്ത് ട്രോട്ടന്റെ സ്ഥാപനത്തില്‍നിന്ന് ആറാഴ്ചയ്ക്കിടെ മൂന്ന് തവണ ഇന്ധനം മോഷണം പോയിരുന്നു. ഫേസ്ബുക്കില്‍ വാഹനങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംശയാസ്പദരായ ദമ്പതികളെ കണ്ടെത്തി പൊലീസിന് വിവരം നല്‍കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോർത്ത്‌മഡോഗ് കടല്‍ത്തീരത്തിന് സമീപം ഇവരെ വീണ്ടും കണ്ട നാട്ടുകാര്‍ പൊലീസെത്തുംവരെ നിരീക്ഷിച്ചു. പിന്നീട് കുറ്റം സമ്മതിച്ച ദമ്പതികള്‍ പണം അടച്ചതായും ജൂഡിത്ത് പറഞ്ഞു. ഉയര്‍ന്ന ഇന്ധനവിലയും സാമ്പത്തിക പ്രതിസന്ധിയും മൂലം ഇത്തരം മോഷണങ്ങള്‍ വര്‍ധിക്കുകയാണെന്നാണ് പമ്പുടമകളുടെ പരാതി. ചെറിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇത്തരം നഷ്ടം വലിയ തിരിച്ചടിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ഇന്ധനവില കുത്തനെ ഉയര്‍ന്നതോടെയാണ് മോഷണസംഭവങ്ങളും കൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 62 ശതമാനം വരെ ഇന്ധനമോഷണം വര്‍ധിച്ചതായാണ് കണക്ക്. വ്യാജ നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിച്ചും മുഖം മറച്ചും എത്തുന്ന സംഘങ്ങളെ കണ്ടെത്താന്‍ പൊലീസ് പെട്രോള്‍ പമ്പുകളുമായി ചേര്‍ന്ന് പ്രത്യേക നിരീക്ഷണവും പരിശീലനവും ശക്തമാക്കിയിട്ടുണ്ട്.