തിരുവനന്തപുരം: പുതിയ നിയമസഭയുടെ പ്രത്യേക സമ്മേളനം മെയ് 21 മുതൽ ചേരാനായി ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മെയ് 21-ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയും മെയ് 22-ന് സ്പീക്കർ തിരഞ്ഞെടുപ്പും നടത്താനാണ് തീരുമാനം.
അമ്പലപ്പുഴ എംഎൽഎയും മുൻമന്ത്രിയുമായ ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഗവർണറുടെ അംഗീകാരം ലഭിക്കുന്നതനുസരിച്ച് മെയ് 29-ന് നയപ്രഖ്യാപന പ്രസംഗം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ നിരവധി ക്ഷേമപദ്ധതികളെ കുറിച്ച് വി.ഡി. സതീശൻ സൂചന നൽകി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, ആശ വർക്കർമാർക്കുള്ള പ്രത്യേക പാക്കേജ് എന്നിവ ആദ്യ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.











Leave a Reply