കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന അഭ്യൂഹങ്ങൾ കോൺഗ്രസ് നേതൃത്വം തള്ളി. ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗം രാജ്യസഭാ, നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരുന്നുവെന്നും നേതൃമാറ്റ വിഷയം പരിഗണിച്ചിട്ടില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, രൺദീപ് സിങ് സുർജേവാല എന്നിവർ പങ്കെടുത്തു.

എന്നാൽ, സിദ്ധരാമയ്യ ഉടൻ രാജിവെച്ചേക്കാമെന്ന തരത്തിൽ ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡി.കെ. ശിവകുമാറിന്റെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചുവെന്നും മുഖ്യമന്ത്രിസ്ഥാനം നൽകുന്നതിൽ അനുകൂല നിലപാടാണെന്നുമാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനുപകരം സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് നൽകാനുള്ള ചർച്ചകളും നടന്നതായി സൂചനകളുണ്ട്. അതേസമയം, നേതൃമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പ്രതികരിക്കാൻ തയ്യാറായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കർണാടക കോൺഗ്രസിൽ രൂപപ്പെട്ട അധികാരവിവാദം ഇപ്പോഴും തുടരുകയാണ്. അന്ന് ഹൈക്കമാൻഡ് ഇടപെട്ട് റൊട്ടേഷണൽ മുഖ്യമന്ത്രി ഫോർമുല രൂപീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതനുസരിച്ച് ആദ്യ രണ്ടരവർഷം സിദ്ധരാമയ്യയും ശേഷിക്കുന്ന കാലയളവിൽ ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകണമെന്ന ധാരണയുണ്ടായിരുന്നുവെന്നാണ് വിവരം. കാലാവധി പകുതിയിലേക്ക് കടക്കുന്നതിനിടെ ഡി.കെ. അനുകൂലികൾ സമ്മർദ്ദം ശക്തമാക്കിയതായും രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നു.