സ്വന്തം ജീവന്‍ പോലും പണയം വച്ച് ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിയ്ക്ക് രക്ഷകനായി ജോലി കഴിഞ്ഞ് മടങ്ങുന്ന യുവാവ്. മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബാണ് ദൈവദൂതനായി പാഞ്ഞെത്തിയ ഗുഡ്‌സ് ട്രെയിനിന് മുന്നില്‍ നിന്നും പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

ഫെബ്രുവരി അഞ്ചിനാണ് സംഭവം. മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബ് (37)
സാധാരണപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയം. ഭോപ്പാലിലെ ബര്‍ഖേഡി പ്രദേശത്തുള്ള ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു മുഹമ്മദ്. റെയില്‍വേ പാളങ്ങള്‍ കടന്ന് വേണം മുഹമ്മദിന് വീട്ടില്‍ എത്താന്‍.

മടക്കയാത്രയില്‍ ചില കാല്‍നട യാത്രക്കാരും മുഹമ്മദിനൊപ്പമുണ്ട്. ദൂരെ നിന്നും ഒരു ഗുഡ്സ് ട്രെയിനിന്റെ ശബ്ദവും കേള്‍ക്കാം. ട്രെയിന്‍ കടന്നുപോകാന്‍ അവര്‍ പാളത്തില്‍ നിന്നും മാറിക്കൊടുത്തു. അപ്രതീക്ഷിതമായി മാതാപിതാക്കളോടൊപ്പം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി ട്രാക്കില്‍ വീഴുന്നത് മുഹമ്മദ് കണ്ടു, ഒപ്പം ട്രെയിനും പാഞ്ഞ് വരുന്നുണ്ട്.

അതേസമയം, മുഹമ്മദ് മെഹബൂബ് ഒരു നിമിഷം പോലും പാഴാക്കാതെ,
സ്വന്തം ജീവനെക്കുറിച്ചും ചിന്തിക്കാതെ എഴുന്നേല്‍ക്കാന്‍ പാടുപെടുന്ന പെണ്‍കുട്ടിയുടെ നേരെ കുതിച്ചു.

പെണ്‍കുട്ടിയെ ട്രാക്കിന് പുറത്തെത്തിക്കാന്‍ സമയമില്ലെന്ന് മനസ്സിലാക്കിയ മുഹമ്മദ് കുട്ടിയെ നടുവിലേക്ക് വലിച്ചു. അപ്പോഴേക്കും ട്രെയിന്‍ അടുത്തെത്തിയിരുന്നു. പിന്നെ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു അയാള്‍ ട്രാക്കിന് നടുവില്‍ കിടന്നു.

വീരോചിതമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. മെഹബൂബ് പെണ്‍കുട്ടിയുടെ കൈപിടിച്ച് ട്രെയിനിന് അടിയില്‍ കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.