തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ സി.പി.എം. പ്രവർത്തകരെ കണ്ടെത്താൻ പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇരുന്നൂറിലേറെ പേരെ കേസിൽ പ്രതിചേർത്തിട്ടുണ്ട്. വാഹനങ്ങൾ ആക്രമിച്ച 25-ഓളം പേരെ ഉൾപ്പെടെ ഭൂരിഭാഗം പ്രതികളെയും ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. പ്രധാന പ്രതികളായി കണ്ടെത്തിയ എട്ട് പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടപടികൾ വൈകിയെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് പ്രതികളെ വേഗത്തിൽ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്. മ്യൂസിയം പോലീസിനൊപ്പം ഷാഡോ, ഡാൻസാഫ് സംഘങ്ങളും വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ വീടുകൾ, ബന്ധുവീടുകൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ്.
മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെ 18 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും സാമൂഹികമാധ്യമങ്ങളിലെ ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുത്തവരെ പൂർണമായി തിരിച്ചറിയാനുള്ള ശ്രമം തുടരുന്നതിനിടെ, ചില രാഷ്ട്രീയ പ്രവർത്തകരും സാമൂഹികമാധ്യമങ്ങളിലൂടെ വിവരശേഖരണത്തിൽ സജീവമായിട്ടുണ്ട്.











Leave a Reply