ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മൊബൈൽ ഫോൺ ട്രാക്കിങ്, രഹസ്യ സ്പൈവെയർ, സ്മാർട്ട് ഉപകരണങ്ങളുടെ ദുരുപയോഗം എന്നിവ ഉൾപ്പെടുന്ന ടെക്നോളജി അധിഷ്ഠിത ഗാർഹിക പീഡന ഭീഷണി നിലവിലെ ബ്രിട്ടീഷ് ഗാർഹിക പീഡന നിയമം പൂർണമായി അംഗീകരിക്കുന്നില്ലെന്ന് ഹൗസ് ഓഫ് ലോർഡ്സ് സമിതിയെ വിദഗ്ധർ അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് പങ്കാളിയെ നിരീക്ഷിക്കുക, പിന്തുടരുക, നിയന്ത്രിക്കുക, മാനസികമായി പീഡിപ്പിക്കുക തുടങ്ങിയ പ്രവണതകൾ ഗാർഹിക പീഡന കേസുകളിൽ ഇപ്പോൾ വളരെ സാധാരണമാണെന്ന് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ജെൻഡർ ആൻഡ് ടെക് റിസർച്ച് ലാബ് വ്യക്തമാക്കി.

ആപ്പിൾ എയർടാഗുകൾ കുട്ടികളുടെ വസ്ത്രങ്ങളിലോ സാധനങ്ങളിലോ ഒളിപ്പിച്ച് അഭയകേന്ദ്രങ്ങളിലെ സ്ത്രീകളെ കണ്ടെത്താൻ ശ്രമിക്കുന്ന സംഭവങ്ങൾ വർധിച്ചതായും വിദഗ്ധർ പറഞ്ഞു. സ്മാർട്ട് ഫ്രിഡ്ജുകൾ ഉപയോഗിച്ച് ഭക്ഷണം നിരസിക്കുക , സ്മാർട്ട് സ്പീക്കറുകൾ വഴി വീട്ടിൽ ഭീതിജനകമായ ശബ്ദങ്ങൾ പ്ലേ ചെയ്യൽ തുടങ്ങിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിലെ നിയമത്തിൽ ടെക് അധിഷ്ഠിത പീഡനം .പ്രത്യേകമായി പരാമർശിക്കാത്തതിനാൽ ഇത്തരം കേസുകൾ പലപ്പോഴും നിയമപരമായ സംരക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുപോകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

യുവാക്കളിൽ ഇത്തരം പെരുമാറ്റങ്ങൾ ‘സാധാരണ ബന്ധത്തിന്റെ ഭാഗം’ എന്ന നിലയിൽ സ്വീകാര്യമാകുന്നത് ആശങ്ക വർധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പങ്കാളിയുടെ ഫോൺ പാസ്വേഡുകൾ കൈവശം വയ്ക്കുക, ലൊക്കേഷൻ നിരന്തരം ട്രാക്ക് ചെയ്യുക തുടങ്ങിയവ ഇപ്പോൾ പലർക്കും സ്വാഭാവികമായി തോന്നുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. എന്നാൽ അതിരുവിട്ട നിരീക്ഷണവും നിയന്ത്രണവും പീഡനബന്ധങ്ങളിൽ ഗുരുതര അപകടമായി മാറുന്നുവെന്നും അവർ വ്യക്തമാക്കി.











Leave a Reply