കൊച്ചി: കലൂരിൽ രണ്ട് വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമവും ക്രൂര മർദനവും നടത്തിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ആൽവിൻ, അരുൺ, സാബിത്ത് എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി അക്ബർ അലിയടക്കം ഇനി ഏഴുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കല്ലൂർ ജങ്ഷന് സമീപത്തെ ചക്കാലപ്പാടം റോഡിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർഥിനികൾ പുലർച്ചെ ചായ കുടിക്കാനെത്തിയപ്പോഴാണ് എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങിയ സംഘം ഇവരോട് മോശമായി പെരുമാറിയത്. സംഘത്തിലെ ചിലർ ലൈംഗിക ചേഷ്ടകളും കമന്റുകളും നടത്തിയതായും ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റവും പിന്നീട് കയ്യേറ്റവുമായി മാറിയതായും പൊലീസ് പറഞ്ഞു. പെൺകുട്ടികളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ അക്രമിസംഘം ഒരാളെ റോഡിലിട്ട് ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ പ്രതികരിച്ച കൊച്ചി ഡിസിപി, പ്രതികളുമായി പെൺകുട്ടികൾക്ക് മുൻപരിചയമൊന്നുമില്ലെന്ന് വ്യക്തമാക്കി. ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒളിവിലുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.











Leave a Reply