ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡെവോണിലെ ഒക്ഹാംപ്ടണിന് സമീപം സോർട്ടൺ ഡൗൺ മേഖലയിൽ റോയൽ നേവിയുടെ ഹെലികോപ്റ്റർ തകർന്നുവീണു . ബുധനാഴ്ച പുലർച്ചെ 3.45 ഓടെ അപകടം നടന്നതിനെ തുടർന്ന് അടിയന്തിര സേവന വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു . സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുരന്താവസ്ഥ പ്രഖ്യാപിച്ചതായി ഡെവൺ ആൻഡ് കോർൺവാൾ പൊലീസ് ചീഫ് കോൺസ്റ്റബിൾ ജെയിംസ് വോൺ അറിയിച്ചു.

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയൽ നേവി അറിയിച്ചു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത് ഉചിതമല്ലെന്നും നേവി വക്താവ് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പാർലമെന്റിൽ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇത് അതീവ ആശങ്കാജനകമായ സമയമാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ ഡാർട്ട്മൂർ മേഖല റോയൽ നേവിയുടെ ഹെലികോപ്റ്റർ പരിശീലനങ്ങൾക്ക് സുപരിചിതമായ പ്രദേശമാണ്. യിയോവിൽട്ടൺ, കൾഡ്രോസ് എന്നീ നാവിക വ്യോമതാവളങ്ങൾക്കിടയിലുള്ള ഈ മേഖലയിൽ പതിവായി സൈനിക ഹെലികോപ്റ്റർ പരിശീലനങ്ങൾ നടക്കാറുണ്ട്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ യിയോവിൽട്ടൺ നാവിക വ്യോമതാവളവുമായി ബന്ധമുള്ളതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അപകടത്തെ തുടർന്ന് സമീപ റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.











Leave a Reply