ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഡ്രൈവിങ് ടെസ്റ്റിനുള്ള ദീർഘമായ കാത്തിരിപ്പ് കുറയ്ക്കാനും ബുക്കിങ് സംവിധാനത്തിലെ ദുരുപയോഗങ്ങൾ തടയാനും യുകെയിലെ ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി (DVSA) പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കി. ഇനി മുതൽ ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യാനും പിന്നീട് അതിൽ മാറ്റം വരുത്താനും പരീക്ഷാർഥിക്ക് മാത്രമേ അനുമതിയുള്ളൂ. ഡ്രൈവിങ് ഇൻസ്ട്രക്ടർമാർക്കും മറ്റ് മൂന്നാംകക്ഷി സേവനങ്ങൾക്കും ടെസ്റ്റ് ബുക്ക് ചെയ്യാനോ മാറ്റം വരുത്താനോ സാധിക്കില്ല.

പുതിയ നിയമപ്രകാരം ഒരു ടെസ്റ്റ് ബുക്കിങ്ങിൽ പരമാവധി രണ്ട് തവണ മാത്രമേ മാറ്റം അനുവദിക്കൂ. കൂടാതെ, ജൂൺ 9 മുതൽ ടെസ്റ്റ് കേന്ദ്രം മാറ്റണമെങ്കിൽ നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള മൂന്ന് കേന്ദ്രങ്ങളിലൊന്നിലേക്ക് മാത്രമേ മാറ്റാനാകൂ. ഓൺലൈൻ ബുക്കിങ് സ്ലോട്ടുകൾ വൻതോതിൽ പിടിച്ചെടുത്ത് പിന്നീട് ഉയർന്ന നിരക്കിൽ വിൽക്കുന്ന ഇടനിലക്കാരെ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് കാലത്തിനു ശേഷമുള്ള ബാക്ക്‌ലോഗ് കാരണം യുകെയിൽ ഡ്രൈവിങ് ടെസ്റ്റിനായി ശരാശരി 22 ആഴ്ചയിലേറെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ടെസ്റ്റിന് ഹാജരാകാത്തവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ വഴി ബുക്കിങ് സംവിധാനം കൂടുതൽ സുതാര്യമാകുകയും യഥാർഥ പരീക്ഷാർഥികൾക്ക് അവസരം ലഭ്യമാക്കുകയും ചെയ്യുമെന്നാണ് ഡിവിഎസ്എയുടെ പ്രതീക്ഷ.











Leave a Reply