ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കൂൾ സെർവറിൽ കടന്നുകയറി ഹാക്കർമാർ വിവരങ്ങൾ ചോർത്തുകയും വിദ്യാർത്ഥികളുടെ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടർന്ന് കെന്റിൽ രണ്ട് സ്കൂളുകൾ അടച്ചു . എന്തൊക്കെ വിവരങ്ങളാണ് ഹാക്കർമാർ കൈക്കലാക്കിയതെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് കെന്റ് അക്കാദമിയിലെയും സ്‌കിന്നേഴ്‌സ് കെന്റ് പ്രൈമറി സ്‌കൂളിലെയും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിനിടെ ടൺബ്രിഡ്ജ് വെൽസ് സ്കൂളുകൾ മാതാപിതാക്കളോട് അത്യാവശ്യമായി തങ്ങളുടെ ബാങ്കുകളുമായി ബന്ധപ്പെടാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കിയെങ്കിൽ സാമ്പത്തിക തട്ടിപ്പിന് വഴിവെച്ചേക്കാം എന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് സ്കൂളിലെയും സെർവറിലെ മുഴുവൻ വിവരങ്ങളും ഹാക്കർമാർ എൻക്രിപ്റ്റ് ചെയ്തതിനാൽ രണ്ട് സ്കൂളുകളിലെയും കുട്ടികളെ കുറിച്ച് ഒരു വിവരവും അധികാരികൾക്ക് നിലവിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല. പോലീസ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.