ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബാലലൈംഗിക പീഡനത്തിനിരയായവർക്ക് അവരുടെ ദുരനുഭവങ്ങളുടെ ചിത്രങ്ങൾ ഓൺലൈനിൽ നിന്ന് നീക്കം ചെയ്യാൻ സഹായം നൽകുന്ന ‘എക്കോ’ (Echo) പദ്ധതി ആരംഭിച്ചു. പൊലീസ് അന്വേഷണത്തിന് ശേഷം പല ഇരകളും മതിയായ പിന്തുണയില്ലാതെ ജീവിക്കുന്ന സാഹചര്യത്തിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. ചിത്രങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനൊപ്പം മാനസികാരോഗ്യ സഹായം, നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള സഹായം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

യുകെയിലെ ബാലപീഡന ഇമേജ് ഡേറ്റാബേസിന്റെ സഹായത്തോടെ ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങൾ കണ്ടെത്തി നീക്കം ചെയ്യാൻ ശ്രമിക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വിവിധ പൊലീസ് സേനകളും ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷനും പദ്ധതിക്ക് പിന്തുണ നൽകുന്നുണ്ട്. കൃത്രിമ ബുദ്ധി (AI) ഈ പദ്ധതിയിൽ ഉപയോഗിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

13-ാം വയസ്സിൽ ഓൺലൈൻ ഗ്രൂമിങ്ങിനും ലൈംഗിക പീഡനത്തിനും ഇരയായ റിയാനൺ-ഫേ മക്ഡൊണാൾഡ് പദ്ധതിയെ സ്വാഗതം ചെയ്തു. പീഡനത്തിന്റെ ചിത്രങ്ങൾ വീണ്ടും പുറത്തുവരുമോ എന്ന ഭയം വർഷങ്ങളായി തന്നെ പിന്തുടരുകയാണെന്ന് അവർ പറഞ്ഞു. ഇരകൾക്ക് ജീവിതത്തിൽ കുറച്ചെങ്കിലും ആത്മവിശ്വാസവും പ്രതീക്ഷയും തിരിച്ചുകിട്ടാൻ ‘എക്കോ’ പദ്ധതിക്ക് കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു. അതേസമയം, കുട്ടികളുടെ മൊബൈൽ ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ തടയുന്ന സംവിധാനങ്ങൾ നടപ്പാക്കാൻ ടെക് കമ്പനികൾക്ക് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ സെപ്റ്റംബർ വരെ സമയം അനുവദിച്ചിട്ടുണ്ട്.











Leave a Reply