ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ടാക്സുകളെ സംബന്ധിച്ചും, സർക്കാർ ചെലവുകളെ സംബന്ധിച്ചും നിലവിലെ സാഹചര്യത്തിൽ കടുത്ത നടപടികൾ ആവശ്യമാണെന്ന് ഓർമ്മപ്പെടുത്തിയിരിക്കുകയാണ് പുതിയ ചാൻസലർ ജെറെമി ഹണ്ട്. ക്വാസി ക്വാർട്ടെങ്ങിനു പകരമായി ചാൻസലർ പദവി ഏറ്റെടുത്ത ശേഷം നടത്തിയ ആദ്യ വാർത്ത സമ്മേളനത്തിലാണ്, നിലവിലെ സാഹചര്യം പരിഹരിക്കുന്നതിനായി ചില ടാക്സുകൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അതിനോടനുബന്ധിച്ച് സർക്കാർ ചെലവുകൾ കുറയ്ക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിലവിലെ മന്ത്രിസഭയുടെ ഭാഗമാകാതിരുന്ന മുൻ വിദേശകാര്യ സെക്രട്ടറി ഹണ്ടിനെ ചാൻസലറായി നിയമിച്ച് പ്രധാനമന്ത്രി ലിസ് ട്രസ് അവരുടെ സർക്കാരിൽ വിശ്വാസം പുനഃസ്ഥാപിക്കാൻ ശ്രമിച്ചത്. മറ്റൊരു നാടകീയ നീക്കത്തിൽ സെപ്റ്റംബർ 23 ലെ മിനി ബഡ്ജറ്റിൽ പ്രഖ്യാപിച്ച കോർപ്പറേഷൻ നികുതി മരവിപ്പിക്കാനുള്ള തീരുമാനവും റദ്ദാക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ച ജെറെമി ഹണ്ട്, ലിസ് ട്രസിന്റെയും ക്വാർട്ടങ്ങിന്റെയും സാമ്പത്തിക നയങ്ങളിൽ നിന്ന് വലിയൊരു മാറ്റത്തിന്റെ സൂചന നൽകിയത്. ജനങ്ങൾ പ്രതീക്ഷിച്ച അത്ര നികുതി ഇളവ് ഉണ്ടാകില്ലെന്നും, ചില നികുതികൾ വർധിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർക്കാർ വകുപ്പുകളും കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.


45 ബില്യൺ പൗണ്ടിന്റെ നികുതിയിളവുകളും മറ്റും പ്രഖ്യാപിച്ച സെപ്റ്റംബറിലെ മിനി ബഡ്ജറ്റ് സാമ്പത്തിക വിപണിയിൽ പ്രക്ഷുബ്ദതയുണ്ടാക്കിയതിനെ തുടർന്ന് പ്രധാനമന്ത്രിയായി 39 ദിവസം മാത്രമായ ലിസ് ട്രസിനു മേൽ ഇതിനകം തന്നെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സമ്മർദ്ദം ഉയർന്നു കഴിഞ്ഞു. ലിസ് ട്രസ്സിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇതിനകം ചില തെറ്റായ തീരുമാനങ്ങൾ എടുത്തതായി ഹണ്ട് വ്യക്തമാക്കി. ഏറ്റവും കൂടുതൽ വരുമാനമുള്ളവർക്കുള്ള നികുതി നിരക്ക് വെട്ടിക്കുറച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇതോടൊപ്പം തന്നെ ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റിയുടെ റിപ്പോർട്ടുകൾ ഒന്നും കൂടാതെ തന്നെ മിനി ബഡ്ജറ്റ് പ്രഖ്യാപിച്ചതും തെറ്റായ തീരുമാനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇവ രണ്ടും ശരിയാക്കാനുള്ള പ്രക്രിയയിലാണ് താൻ ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. ബിബിസിയുമായുള്ള അഭിമുഖത്തിൽ ഗവൺമെന്റിന്റെ മിനി-ബജറ്റിനെക്കുറിച്ച് ചാൻസലർ മറ്റ് നിരവധി പ്രസ്താവനകൾ നടത്തുകയും, അതോടൊപ്പം തന്നെ തന്റെ പുതിയ റോളിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.