വയനാട് കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. പുളിമൂട്കുന്ന് മിച്ചഭൂമി സ്വദേശിയായ രാജു (65) ആണ് മരിച്ചത്. ഇന്ന് രാവിലെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾക്കിടെ മരണപ്പെടുകയായിരുന്നു.
പ്രദേശത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താൻ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ഉൾപ്പെടെയുള്ള സംഘം രാവിലെ മുതൽ നടപടികൾ ആരംഭിച്ചിരുന്നു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുകളും നൽകിയിരുന്നു. എന്നാൽ കാട്ടിലേക്ക് തിരിച്ചുകയറ്റുന്നതിനിടയിൽ ആന പുളിമൂട്കുന്ന് മിച്ചഭൂമി മേഖലയിലേക്ക് കടക്കുകയും അവിടെയുണ്ടായിരുന്ന രാജുവിനെ ആക്രമിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യഥാസമയം സ്ഥലത്തെത്തിയില്ലെന്നാരോപിച്ച് സിപിഎം പ്രവർത്തകർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. രണ്ടാഴ്ചയ്ക്കിടെ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്ന രണ്ടാമത്തെ സംഭവമാണിത്. മഴ ശക്തമായതോടെ ജില്ലയിലെ വനാതിർത്തി മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും ദുരന്തമുണ്ടായത്.











Leave a Reply