വയനാട് ജില്ലയിൽ അഞ്ചു കുട്ടികൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം എട്ടായി. ജൂൺ ഏഴിന് പരിശോധനയ്ക്കായി അയച്ച സാംപിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച് മുതൽ 11 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗവ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി പൊതുജനാരോഗ്യ വിഭാഗം അഡീഷനൽ ഡയറക്ടർ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധസംഘം കോളിയാടി സ്കൂളും സമീപ പ്രദേശങ്ങളും സന്ദർശിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ സംഘം നൽകുകയും ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും ശക്തമാക്കുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളുടെ ശുചീകരണത്തിനായി പ്രത്യേക ക്ലോറിനേഷൻ ഡ്രൈവും പുരോഗമിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ നെന്മേനി പഞ്ചായത്തിൽ ഒരാഴ്ചത്തേക്ക് മുൻകരുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. താൽക്കാലിക ചന്തകൾ, റാലികൾ, അനാവശ്യ ആൾക്കൂട്ടങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണമെന്നും പൊതുജനങ്ങൾ വ്യക്തിശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.