ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ നിയമപരമായി താമസിക്കുകയും കെയർ വർക്കറായി ജോലി ചെയ്യുകയും ചെയ്യുന്ന ഗർഭിണിയായ ശ്രീലങ്കൻ യുവതിയുടെ ഭർത്താവിനും ആറുവയസ്സുകാരിയായ മകൾക്കും രാജ്യം വിടാൻ നിർദേശിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . സ്കോട്ട് ലൻഡിൽ താമസിക്കുന്ന 36-കാരിയായ സചിന്ത വാരണകുലസൂര്യയ്ക്ക് ജോലി വിസയുണ്ടെങ്കിലും ആശ്രിതരായി കഴിയുന്ന ഭർത്താവ് ഇൻഡിക കുമാരയ്ക്കും മകൾ ഹെയ്ലിക്കുമാണ് ‘ഗോ ഹോം’ കത്ത് ലഭിച്ചത്. ഉയർന്ന അപകടസാധ്യതയുള്ള ഗർഭാവസ്ഥയിലുള്ള സചിന്ത ഈ മാസം 16ന് ശസ്ത്രക്രിയയിലൂടെ പ്രസവിക്കാനിരിക്കെയാണ് കുടുംബം വേർപിരിയുമെന്ന ഭയം ഉയർന്നത്.
ശ്രീലങ്കയിൽ ഡോക്ടറായി യോഗ്യത നേടിയ സചിന്തയും പുരാവസ്തുശാസ്ത്ര ബിരുദധാരിയായ ഭർത്താവും നിയമപരമായി ബ്രിട്ടനിൽ ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്നവരാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. മകളെക്കുറിച്ച് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും പ്രസവത്തിന് തൊട്ടുമുമ്പ് ഇത്തരം കത്ത് ലഭിച്ചത് കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നും സചിന്ത പറഞ്ഞു. അടുത്തിടെ അഞ്ച് വയസ്സുകാരടക്കമുള്ള കുട്ടികൾക്ക് പോലും സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം കത്തയച്ച സംഭവങ്ങൾ പുറത്തുവന്നിരുന്നു.
2024 മാർച്ചുമുതൽ കെയർ വർക്കർമാർക്ക് കുടുംബാംഗങ്ങളെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതും പിന്നീട് വിദേശ നിയമനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതുമാണ് നിലവിലെ സാഹചര്യത്തിന് പിന്നിൽ. എന്നാൽ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് എത്തിയ കുടുംബങ്ങൾക്കും ഇപ്പോൾ രാജ്യം വിടാൻ നിർദേശിക്കുന്നതായി പരാതിയുണ്ട്. വിഷയത്തിൽ നിരവധി കുടുംബങ്ങൾ ആശങ്ക അറിയിച്ചതോടെ ചില എംപിമാർ ആഭ്യന്തര മന്ത്രാലയത്തോട് നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കുടിയേറ്റ നിയന്ത്രണം ശക്തമാക്കുന്ന നയത്തിൽ മാറ്റമില്ലെന്നും സ്ഥിരതാമസത്തിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്നും ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി.











Leave a Reply