ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിൽ ദിവസങ്ങൾക്കകം ശക്തമായ ഉഷ്ണതരംഗം അനുഭവപ്പെടുമെന്നുള്ള കാലാവസ്ഥാ പ്രവചനങ്ങൾ പുറത്തു വന്നു. മാസാവസാനത്തോടെ ചില പ്രദേശങ്ങളിൽ താപനില 39 ഡിഗ്രി സെൽഷ്യസിന് സമീപമെത്താമെന്നാണ് പ്രവചനം. രാജ്യത്തെ 30 കൗണ്ടികളിൽ 30 ഡിഗ്രിയോ അതിൽ കൂടുതലോ താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

യൂറോപ്പിന് മുകളിലായി രൂപപ്പെടുന്ന ഉയർന്ന ന്യൂന മർദത്തിൻ്റെയും തെക്കൻ യൂറോപ്പിൽ നിന്ന് വടക്കോട്ട് നീങ്ങുന്ന ചൂടൻ വായുപ്രവാഹത്തിന്റെയും സ്വാധീനമാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നത്. നിലവിൽ താരതമ്യേന തണുത്തതും മഴയുള്ളതുമായ സാഹചര്യങ്ങൾ അനുഭവപ്പെടുന്ന ബ്രിട്ടനിൽ ഈ ആഴ്ചയുടെ അവസാനത്തോടെ താപനില അതിവേഗം ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ലണ്ടൻ, കെന്റ്, എസെക്സ്, സറി, സസെക്സ് ഉൾപ്പെടെയുള്ള തെക്കൻ, കിഴക്കൻ മേഖലകളിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യത. എന്നാൽ ദീർഘകാല പ്രവചനങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ താപനിലയുടെ കൃത്യമായ തോതിൽ മാറ്റമുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.











Leave a Reply