ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ബെഡ്ഫോർഡിന് സമീപം രണ്ട് യാത്രാ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ട്രെയിൻ ഡ്രൈവർ മരിക്കുകയും 89 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 11 പേരുടെ നില അതീവ ഗുരുതരമാണെന്നും 22 പേർക്ക് ഗുരുതര പരിക്കുകളുണ്ടെന്നും അടിയന്തിര സേവന വിഭാഗങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ലണ്ടനിലേക്ക് പോവുകയായിരുന്ന രണ്ട് ഈസ്റ്റ് മിഡ്‌ലാൻഡ്സ് റെയിൽവേ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തിന്റെ ആഘാതത്തിൽ യാത്രക്കാർ സീറ്റുകളിൽ നിന്ന് തെറിച്ചുവീഴുകയും നിരവധി പേർക്ക് മുഖത്തും കൈകാലുകളിലും പരിക്കേൽക്കുകയും ചെയ്തു. വലിയൊരു സ്ഫോടനം പോലെ ശബ്ദം കേട്ടതായും പിന്നാലെ കോച്ചിനുള്ളിൽ പുകയും നിലവിളികളും നിറഞ്ഞതായി യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ചിലർക്ക് രക്തസ്രാവവും അസ്ഥി ഒടിവുകളും സംഭവിച്ചതായും ദൃക്സാക്ഷികൾ വെളിപ്പെടുത്തി.

ബെഡ്ഫോർഡിന് സമീപമുള്ള എൽസ്റ്റോവ് മേഖലയിലാണ് അപകടമുണ്ടായത്. 20-ലധികം ആംബുലൻസുകളും ആറ് എയർ ആംബുലൻസുകളും ഉൾപ്പെടെ വൻ രക്ഷാപ്രവർത്തന സന്നാഹം സ്ഥലത്ത് വിന്യസിച്ചു. ഒരു ട്രെയിൻ നിർത്തിയിട്ടിരിക്കെ പിന്നിൽ നിന്നെത്തിയ മറ്റൊരു ട്രെയിൻ ഇടിച്ചതാകാമെന്ന പ്രാഥമിക സൂചനകളുണ്ടെങ്കിലും അപകടകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. റെയിൽ അപകട അന്വേഷണ വിഭാഗവും പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.