മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് മാറ്റിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള നീക്കത്തെ രൂക്ഷമായി വിമർശിച്ച വി.ഡി. സതീശൻ, ഇപ്പോൾ മുഖ്യമന്ത്രിയായ ശേഷം അതേ നയത്തിന് പിന്തുണ നൽകുകയാണെന്നാണ് വിമർശനം. മുഖ്യമന്ത്രിയുടെ വീര്യം കുറഞ്ഞുവെന്നും മദ്യനയത്തിൽ യു ടേൺ നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു.
2024-ൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വി.ഡി. സതീശൻ ശക്തമായി രംഗത്തെത്തിയിരുന്നു. ഇത് മദ്യലോബിക്ക് സഹായകരമാണെന്നും സർക്കാരിന്റെ താൽപര്യങ്ങൾ സംശയാസ്പദമാണെന്നും അന്ന് അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതേ മാതൃകയിൽ നികുതിയിളവ് നടപ്പാക്കുന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.
വീര്യം കൂടിയ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയും കുറഞ്ഞ ആൽക്കഹോൾ അംശമുള്ള മദ്യങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുകയുമാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ മുൻകാല പ്രസ്താവനകളും ഇപ്പോഴത്തെ നടപടികളും തമ്മിലുള്ള വൈരുധ്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സർക്കാരിനെതിരെ രാഷ്ട്രീയ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.











Leave a Reply