ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ യൂണിയൻ മുന്നോട്ടുവച്ചിരിക്കുന്ന ‘മേഡ് ഇൻ യൂറോപ്പ്’ വ്യവസായ ചട്ടങ്ങളിൽ നിന്ന് ബ്രിട്ടനെ ഒഴിവാക്കണമെന്ന് യൂറോപ്യൻ വാഹനനിർമാതാക്കളുടെ സംഘടനയും വ്യവസായ പ്രതിനിധികളും ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് പൊതുസബ്സിഡികളും സർക്കാർ പ്രോത്സാഹന പദ്ധതികളും ലഭിക്കാതാകുന്ന സാഹചര്യമാണ് പുതിയ നിർദേശങ്ങളിലൂടെ രൂപപ്പെടുന്നത്. ഇത് നടപ്പായാൽ ബ്രിട്ടനിൽ നിർമ്മിക്കുന്ന വാഹനങ്ങൾ യൂറോപ്യൻ വിപണിയിൽ മത്സരക്ഷമത നഷ്ടപ്പെടുമെന്ന ആശങ്ക ശക്തമാണ്.

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷ് വാഹനമേഖലയ്ക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ തിരിച്ചടിയാകാമെന്നാണ് വ്യവസായ സംഘടനകളുടെ മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയനുമായുള്ള വിതരണ ശൃംഖലകളുമായി ബ്രിട്ടൻ, തുർക്കി, മൊറോക്കോ തുടങ്ങിയ രാജ്യങ്ങൾ ഏറെ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയ്ക്ക് പ്രത്യേക ഇളവ് നൽകണമെന്ന് യൂറോപ്യൻ ഓട്ടോമൊബൈൽ നിർമ്മാതാക്കളുടെ അസോസിയേഷൻ ആവശ്യപ്പെട്ടു. ബിഎംഡബ്ല്യു, നിസാൻ, ഫോക്സ്വാഗൺ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഈ ചട്ടങ്ങൾ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും നിക്ഷേപങ്ങളെയും തൊഴിൽ അവസരങ്ങളെയും ബാധിക്കപ്പെടാമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, ബ്രെക്സിറ്റുമായി ബന്ധപ്പെട്ട വാഹനങ്ങളുടെ നിർമാണ മാനദണ്ഡങ്ങൾ സംബന്ധിച്ച പുതിയ വ്യാപാര വ്യവസ്ഥകളും അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. ഇതോടെ യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ഇലക്ട്രിക് വാഹന വ്യാപാരത്തിന് അധിക തീരുവ ഭീഷണിയും ഉയർന്നിട്ടുണ്ട്. ബ്രിട്ടീഷ് വാഹനനിർമാണ മേഖലയ്ക്ക് ഏകദേശം 1.4 ബില്യൺ പൗണ്ടിന്റെ അധികഭാരം വരാനിടയുണ്ടെന്നാണ് വ്യവസായ സംഘടനകൾ കണക്കാക്കുന്നത്. പുതിയ ചട്ടങ്ങളിൽ ഇളവ് ലഭിക്കാനുള്ള ചർച്ചകൾ യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ തുടരുകയാണ്.











Leave a Reply