ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്‌സിനെതിരെ ഫോൺ ഹാക്കിങ്ങും നിയമവിരുദ്ധ വിവരശേഖരണവും നടത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്ന ഹാരി രാജകുമാരനും മറ്റ് പ്രമുഖർക്കും കോടതിയിൽ തിരിച്ചടി. ഡെയ്‌ലി മെയിൽ, മെയിൽ ഓൺ സൺഡേ, മെയിൽ ഓൺലൈൻ എന്നിവയുടെ പ്രസാധകരായ സ്ഥാപനത്തിനെതിരായ കേസ് ഹൈക്കോടതി തള്ളുകയായിരുന്നു. ഹാരി രാജകുമാരനൊപ്പം എൽട്ടൻ ജോൺ, ഡേവിഡ് ഫർണിഷ്, എലിസബത്ത് ഹർലി, സാഡി ഫ്രോസ്റ്റ്, ഡോറിൻ ലോറൻസ് എന്നിവരും കേസിൽ പരാതിക്കാരായിരുന്നു. കേസിൽ പരാജയപ്പെട്ടതോടെ 50 മില്യൺ പൗണ്ട് വരെ നിയമച്ചെലവ് വഹിക്കേണ്ട സാഹചര്യം ഇവർക്ക് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

436 പേജുകളുള്ള വിധിയിൽ, വാർത്തകൾ നിയമവിരുദ്ധമായി ശേഖരിച്ചതാണെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് നിക്‌ലിൻ വ്യക്തമാക്കി. ഒരു വാർത്തയ്ക്ക് നിയമപരമായ ഉറവിടമുണ്ടാകാനുള്ള സാധ്യത നിലനിൽക്കുമ്പോൾ അത് അനധികൃതമായി ലഭിച്ചതാണെന്ന് അനുമാനിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഫോൺ ഹാക്കിങ്, സ്വകാര്യ അന്വേഷണക്കാരെ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം, പൊലീസിന് കൈക്കൂലി നൽകൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളും കോടതി തള്ളി. കേസിൽ നിർണായക സാക്ഷിയായി പരിഗണിച്ചിരുന്ന സ്വകാര്യ അന്വേഷണക്കാരൻ ഗാവിൻ ബറോസ് തന്റെ മൊഴി പിന്നീട് നിഷേധിച്ചതും പരാതിക്കാരുടെ വാദങ്ങൾക്ക് തിരിച്ചടിയായി.

അതേസമയം, വിധിയെ വെള്ളപൂശൽ എന്നാണ് ഹാരി രാജകുമാരനും ഡോറിൻ ലോറൻസും വിശേഷിപ്പിച്ചത്. മതിയായ തെളിവില്ലെന്ന കോടതിയുടെ കണ്ടെത്തൽ നീതി എങ്ങനെ സാധ്യമാകുമെന്ന ചോദ്യമുയർത്തുന്നുവെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. മറുവശത്ത്, ഇത് ഡെയ്‌ലി മെയിലിന്റെയും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെയും വൻ വിജയമാണെന്ന് അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്‌സ് പ്രതികരിച്ചു. ഹാരി മുമ്പ് ഡെയ്‌ലി മിററിനെതിരായ ഫോൺ ഹാക്കിങ് കേസിൽ നഷ്ടപരിഹാരം നേടിയിരുന്നെങ്കിലും, ഡെയ്‌ലി മെയിലിനെതിരായ ഈ നിയമപോരാട്ടം അദ്ദേഹത്തിന് നിരാശയോടെയാണ് അവസാനിച്ചത്.