ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ അമേരിക്കൻ സാങ്കേതിക കമ്പനിയായ പാലന്റിറുമായി ദേശീയ ആരോഗ്യ സേവനം (എൻഎച്ച്എസ്) ഒപ്പുവെച്ച 330 ദശലക്ഷം പൗണ്ടിന്റെ ഡേറ്റാ പ്ലാറ്റ്ഫോം കരാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാർ രംഗത്ത്. 2027 – ൽ പ്രാബല്യത്തിൽ വരുന്ന കരാർ അവസാനിപ്പിക്കാനുള്ള വ്യവസ്ഥ ഉപയോഗിച്ച് പദ്ധതിയിൽനിന്ന് പിന്മാറണമെന്ന് പാർലമെന്ററി സമിതി സർക്കാരിനോട് ശുപാർശ ചെയ്തു. ആരോഗ്യ മേഖലയിലെ ഡേറ്റാ സുരക്ഷയെയും പൊതുജന വിശ്വാസത്തെയും കുറിച്ചുള്ള ആശങ്കകളാണ് സമിതി മുന്നോട്ടുവച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എൻഎച്ച്എസിലെ വിവിധ വിവരശേഖരണ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് പാലന്റിർ വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഒരു സ്വകാര്യ വിദേശ കമ്പനിയുടെ സാങ്കേതിക സംവിധാനത്തിൽ കൈകാര്യം ചെയ്യുന്നതിനെതിരെ ആരോഗ്യ പ്രവർത്തകരും ട്രേഡ് യൂണിയനുകളും നിരവധി എംപിമാരും ആശങ്ക പ്രകടിപ്പിച്ചു. നൂറിലധികം എൻഎച്ച്എസ് സാങ്കേതിക ജീവനക്കാരും കരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ചികിത്സാ കാത്തിരിപ്പുപട്ടിക കുറയ്ക്കുന്നതിനും രോഗനിർണയ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഈ സംവിധാനം സഹായിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. രോഗിവിവരങ്ങളുടെ പൂർണ നിയന്ത്രണം എൻഎച്ച്എസിനാണെന്നും വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. എന്നിരുന്നാലും ആരോഗ്യ ഡേറ്റാ കൈകാര്യം ചെയ്യാൻ ആഭ്യന്തരമായി വികസിപ്പിച്ച ബദൽ സംവിധാനങ്ങൾ പരിഗണിക്കണമെന്ന ആവശ്യം രാഷ്ട്രീയ തലത്തിലും ശക്തമാകുകയാണ്.