ന്യൂസ് ഡെസ്ക്, മലയാളം യുകെ

കവൻട്രി: വേനൽ അവധി ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പാരിസിലേക്ക് പോയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിന്റെ ഞെട്ടലിലാണ് യുകെയിലെ മലയാളി സമൂഹം. ഡാർബിയിൽ താമസിച്ചിരുന്ന അങ്കമാലി സ്വദേശി ജീസ് ജോസാണ് പാരിസിൽ മരിച്ചത്. ഡാർബിയിൽ നിന്ന് വാടക വാനിൽ ആറംഗസംഘമായി യാത്രതിരിച്ച സംഘത്തിനൊപ്പമുണ്ടായിരുന്ന ജീസിന് വെള്ളിയാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ചുവർഷം മുൻപാണ് ജീസ് കുടുംബസമേതം യുകെയിലെത്തിയത്. കെയർ വിസയിൽ എത്തിയ കുടുംബം ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. ഭാര്യ ജോയ്‌സി സെബാസ്റ്റ്യൻ ഗർഭിണിയാണ്. 12 വയസ്സും രണ്ട് വയസ്സുമുള്ള രണ്ടു മക്കളുമുണ്ട്. ലെസ്റ്ററിലെ ആശുപത്രിയിൽ ഫെസിലിറ്റേറ്റർ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ജീസ്, അടുത്തിടെയാണ് കുടുംബത്തോടൊപ്പം ഡാർബിയിലേക്ക് താമസം മാറ്റിയത്. അങ്കമാലി കിടങ്ങൂർ കുന്നപ്പള്ളി കുടുംബാംഗമായ ജീസിന്റെ വേർപാട് ഡാർബിയിലെയും ലെസ്റ്ററിലെയും മലയാളി സമൂഹത്തെ ഒരുപോലെ വേദനിപ്പിക്കുകയാണ്.

ജീസ് ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.