ആലപ്പുഴ എടത്വ സ്വദേശിനിയായ എട്ടുമാസം ഗർഭിണിയായിരുന്ന ഹരീഷ്മ (25) ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവ് സനുക്കുട്ടൻ (29) ജീവനൊടുക്കിയ സംഭവം വലിയ ദുരൂഹതയ്ക്ക് വഴിവെച്ചിരിക്കുകയാണ്. യുവതിയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ നിരന്തര പീഡനമാണെന്ന് ആരോപിച്ച് ഹരീഷ്മയുടെ കുടുംബം രംഗത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിവാഹശേഷം സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്മയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ശരീരത്തിൽ ഏറ്റ പരിക്കുകളുടെ ചിത്രങ്ങളും വിവരങ്ങളും ഹരീഷ്മ ബന്ധുക്കൾക്ക് അയച്ചിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങളും കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണമായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.
ഹരീഷ്മയുടെ മരണത്തിന് പിന്നാലെയാണ് സനുക്കുട്ടനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കുടുംബത്തിന്റെ പരാതിയും ഫോൺ രേഖകളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.











Leave a Reply