ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ കുട്ടികൾ വരും ദശകങ്ങളിൽ യൂറോപ്പിലെ ഏറ്റവും അനാരോഗ്യകരമായ തലമുറകളിലൊന്നായി മാറാൻ സാധ്യതയുണ്ടെന്ന് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്ത് (RCPCH) പുറത്തിറക്കിയ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. ശിശുമരണനിരക്ക്, അമിതവണ്ണം, മാനസികാരോഗ്യം, പ്രതിരോധ കുത്തിവയ്പ്പുകൾ, ആസ്ത്മ തുടങ്ങിയ 12 പ്രധാന ആരോഗ്യ സൂചികകൾ പരിശോധിച്ചപ്പോൾ മിക്ക മേഖലകളിലും പുരോഗതി നിലച്ചതോ പിന്നോട്ടുപോയതോ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ചാം വയസ്സാകുമ്പോഴേക്കും രണ്ട് ഡോസ് എംഎംആർ വാക്സിൻ സ്വീകരിക്കുന്ന കുട്ടികളുടെ ശതമാനം 84 മാത്രമാണെന്നും ഇത് ലോകാരോഗ്യ സംഘടന നിശ്ചയിച്ച 95 ശതമാനം ലക്ഷ്യത്തേക്കാൾ വളരെ താഴെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലെ ഉയർന്ന ആസ്ത്മ മരണനിരക്കുകളിലൊന്നും ബ്രിട്ടനിലാണുള്ളത്. ദാരിദ്ര്യമേറിയ പ്രദേശങ്ങളിലെ കുട്ടികൾക്ക് ശിശുമരണവും അമിതവണ്ണവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ബാധിക്കുന്നതായും പഠനം കണ്ടെത്തി.

കുട്ടികളുടെ ആരോഗ്യനില രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സാഹചര്യമാണെന്ന് ആർസിപിസിഎച്ച് ആരോഗ്യ വിഭാഗം ഓഫീസർ ഡോ. ഹെലൻ സ്റ്റുവർട്ട് പറഞ്ഞു. കുട്ടികളുടെ ആരോഗ്യരംഗത്ത് കൂടുതൽ നിക്ഷേപം നടത്തുകയും വ്യക്തമായ ദേശീയ ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. അതേസമയം, ദാരിദ്ര്യം കുറയ്ക്കൽ, സ്കൂളുകളിലെ മാനസികാരോഗ്യ സേവനങ്ങൾ വിപുലപ്പെടുത്തൽ, കുടുംബ സഹായ കേന്ദ്രങ്ങൾ ആരംഭിക്കൽ തുടങ്ങിയ നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.