ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ഇംഗ്ലണ്ടിലെ സഫോക്കിലെ ശ്രബ്ലാൻഡ് ഹാളിൽ നടന്ന ‘യുകെ ഇജ്തിമ’ എന്ന വൻ ഇസ്ലാമിക സമ്മേളനത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന സംശയത്തെ തുടർന്ന് 12 പേരെ ഭീകരവിരുദ്ധ പൊലീസ് അറസ്റ്റ് ചെയ്തു. അതിതീവ്ര വലതുപക്ഷ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സമ്മേളനത്തിൽ നാല് ദിവസങ്ങളിലായി ഏകദേശം 15,000 പേർ പങ്കെടുത്തിരുന്നു. ആക്രമണ ഭീഷണിയെ ക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിപാടി മുൻകൂട്ടി അവസാനിപ്പിച്ചു.

അറസ്റ്റിലായവരിൽ മൂന്ന് പേർ കൊലപാതക ഗൂഢാലോചന നടത്തിയെന്ന സംശയത്തിലാണ് പിടിയിലായത്. ഇവരിൽ 82 വയസ്സുള്ള ഒരാളും ഉൾപ്പെടുന്നു. കിഴക്കൻ ലണ്ടനിൽ നിന്നുള്ള 48 വയസ്സുകാരിയെ കുറ്റവാളിയെ സഹായിച്ചെന്ന സംശയത്തിലും അറസ്റ്റ് ചെയ്തു. ഭീകരവിരുദ്ധ നിയമപ്രകാരം എട്ട് പുരുഷന്മാരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലണ്ടൻ, ഗ്രേറ്റർ മാഞ്ചസ്റ്റർ, എസെക്സ്, സർറി, സഫോക്ക് എന്നിവിടങ്ങളിൽ വ്യാപക റെയ്ഡുകൾ നടത്തിയ ശേഷമാണ് അറസ്റ്റ് നടന്നത്.

കൗണ്ടർ ടെററിസം പൊലിസിങ് ലണ്ടന്റെ കമാൻഡർ ഹെലൻ ഫ്ലാനഗൻ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുസ്ലിം സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് സംഭവത്തെ ‘അതീവ ആശങ്കാജനകം’ എന്ന് വിശേഷിപ്പിച്ചു. നിലവിൽ പൊതുജനങ്ങൾക്ക് അടിയന്തിര ഭീഷണിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനയും അന്വേഷണവും തുടരുകയാണ്.











Leave a Reply