ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി അധികാരമേൽക്കാനൊരുങ്ങുന്ന ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം തിങ്കളാഴ്ച പുതിയ മന്ത്രിസഭയെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. കീർ സ്റ്റാർമറുടെ രാജിക്ക് പിന്നാലെ എതിരില്ലാതെ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ബേൺഹാം, ലണ്ടനിൽ നടന്ന പ്രത്യേക ലേബർ സമ്മേളനത്തിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ ‘പുതിയ രാഷ്ട്രീയം’ കൊണ്ടുവരുമെന്ന വാഗ്ദാനമാണ് മുന്നോട്ടുവച്ചത്. പാർട്ടിയിലെ 379 എംപിമാരുടെ പിന്തുണയും നിരവധി അനുബന്ധ സംഘടനകളുടെ അംഗീകാരവും നേടിയ ബേൺഹാം, രാജ്യത്തിന്റെ എല്ലാ മേഖലകളെയും പ്രതിനിധീകരിക്കുന്ന ഭരണസംവിധാനം രൂപീകരിക്കുമെന്ന് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അധികാരം ലണ്ടനിൽ മാത്രം കേന്ദ്രീകരിക്കുന്ന രീതിക്ക് വിരാമമിട്ട് പ്രാദേശിക ഭരണകൂടങ്ങൾക്ക് കൂടുതൽ അധികാരം കൈമാറുക, സാമൂഹിക ഭവന നിർമാണം വർധിപ്പിക്കുക, തളർന്നുപോയ സാമൂഹിക പരിചരണ സംവിധാനത്തെ പുനഃസംഘടിപ്പിക്കുക, ബിസിനസ് വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ബേൺഹാം പറഞ്ഞു. മന്ത്രിസഭയിൽ പാർട്ടിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തി ഐക്യവും സ്ഥിരതയും ഉറപ്പാക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നൾഡ്സ് ഉൾപ്പെടെയുള്ള ചില പ്രമുഖർക്ക് പുതിയ മന്ത്രിസഭയിലും പ്രധാന ചുമതലകൾ ലഭിക്കുമെന്ന സൂചനകളുണ്ട്.

തിങ്കളാഴ്ച സ്റ്റാർമർ ഔദ്യോഗികമായി രാജിവച്ചതിന് ശേഷം രാജാവ് ചാൾസ് മൂന്നാമൻ ബേൺഹാമിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും. സാമ്പത്തിക വളർച്ച മന്ദഗതിയിലായിരിക്കുന്നതും പൊതുസേവന മേഖലകൾ പ്രതിസന്ധി നേരിടുന്നതും ഭരണകക്ഷിയുടെ ജനപ്രീതി ഇടിഞ്ഞതുമാണ് പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികൾ. ചെലവുയർച്ച, ഭവന പ്രതിസന്ധി, ആരോഗ്യ – സാമൂഹിക പരിചരണ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ അധികാരമേറ്റ ഉടൻ തന്നെ നിരവധി നയപ്രഖ്യാപനങ്ങൾ നടത്താനാണ് ബേൺഹാമിന്റെ പദ്ധതി. പുതിയ ചാൻസലർ ആരാകുമെന്നതടക്കമുള്ള കാര്യങ്ങൾ ബ്രിട്ടീഷ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ആകാംക്ഷയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.