ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- മക്കളും മരുമക്കളും മൂന്നുതവണ അന്ത്യയാത്രാമൊഴി നൽകിയ കോവിഡ് രോഗി 222 ദിവസത്തിനുശേഷം ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. അലി സകാലി ഓഗ്‌ലൂ എന്ന അമ്പത്തിയേഴുകാരനാണ് അത്ഭുതകരമായി തന്റെ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വെന്റിലേറ്റർ സംവിധാനം മാറ്റുന്നതിന് ബന്ധുക്കൾ എപ്പോഴും നിരാകരിച്ചിരുന്നു. ജീവൻ പിടിച്ച് നിർത്താനുള്ള അവസാനശ്രമമെന്ന നിലയിൽ അലി സകാലിയെ കമഴ്ത്തി കിടത്തി ചികത്സ നൽകാനുള്ള ഡോക്ടർമാരോടുള്ള ബന്ധുക്കളുടെ അഭ്യർത്‌ഥന ഫലം കണ്ടു.

ക്രിസ്മസ് കാലത്ത്‌, അലിയുടെ ബന്ധുക്കൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് അദ്ദേഹത്തിന്റെ രോഗസൗഖ്യം. അദ്ദേഹത്തിന്റെ രോഗസൗഖ്യം എൻ എച്ച് എസിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും അതുല്യമായ സേവനത്തിൻെറ അനന്തരഫലമാണ് ബന്ധുക്കൾ എല്ലാവരും സാക്ഷീകരിച്ചു. ടാക്സി ഡ്രൈവറായ അലിയെ ഹാർട്ടറ്റാക്ക് വന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് മരണം സംഭവിക്കുമെന്ന് മൂന്ന് പ്രാവശ്യം കുടുംബാംഗങ്ങളെ വിവരമറിയിച്ചെങ്കിലും, എല്ലാം തരണം ചെയ്ത് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

രോഗസൗഖ്യം നേടിയ അദ്ദേഹം ജനങ്ങളോട് ജാഗ്രത പാലിക്കാൻ ഉള്ള നിർദ്ദേശം കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രതിരോധകുത്തിവയ്പ് എടുക്കാനുള്ള കാത്തിരിപ്പിലാണ് അലി. രോഗഭയം ഇല്ലാതെ പഴയതുപോലെ തൻറെ ജോലിയുമായി മുന്നോട്ടു പോകുവാൻ വാക്സിനേഷൻ മൂലം സാധിക്കുമല്ലോ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിലിലാണ് ഇദ്ദേഹം രോഗബാധിതനായത്. തുടക്ക നാളിൽ ആഴ്ചയോളം കോമയിൽ ആയിരുന്നു അലി. എൻഎച്ച്എസ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ബ്രിട്ടണിൽ വളരെ വലുതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. ഇന്ത്യ, അമേരിക്ക തുടങ്ങിയ മറ്റു രാജ്യങ്ങളിൽ നിന്ന് ഉപരിയായി ആരോഗ്യരംഗത്ത് എൻഎച്ച്എസ് ബ്രിട്ടണിൽ നടത്തുന്ന സേവനങ്ങൾ വിലപ്പെട്ടതാണ്. കോവിഡ് രോഗത്തെ അതിജീവിക്കുവാൻ അവരുടെ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. അലിയുടെ രോഗസൗഖ്യം ബ്രിട്ടന്റെ ആരോഗ്യരംഗത്തിന്റെ മികവാണ് വെളിവാക്കുന്നത്.