ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ സൗത്താംപ്ടണിൽ 18കാരനായ സർവകലാശാല വിദ്യാർഥി ഹെൻറി നൊവാക്കിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഒളിപ്പിച്ചു. സൗത്താംപ്ടണിൽ വിദ്യാർഥിയെ കുത്തിക്കൊന്ന കേസിൽ ഇന്ത്യൻ വംശജയായ പ്രതിയുടെ അമ്മയ്ക്ക് മൂന്ന് വർഷം ജയിൽശിക്ഷ. വിക്റം ഡിഗ്വയുടെ അമ്മയും ഇന്ത്യൻ വംശജയുമായ കിരൺ കൗറിനാണ് തടവുശിക്ഷ ലഭിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കിർപാൻ കത്തി സംഭവസ്ഥലത്ത് നിന്ന് മാറ്റി ഒളിപ്പിച്ചതിനും അന്വേഷണത്തെ തടസ്സപ്പെടുത്തിയതിനുമാണ് ശിക്ഷ. മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച നടപടി അതീവ ഗുരുതരമാണെന്ന് കോടതി വിലയിരുത്തി.

2025 ഡിസംബറിൽ സൗത്താംപ്ടണിൽ നടന്ന സംഭവത്തിലാണ് യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണിലെ ധനകാര്യ വിദ്യാർഥിയായ ഹെൻറി നൊവാക് കൊല്ലപ്പെട്ടത്. വഴിയിൽ കണ്ടുമുട്ടിയ നൊവാക്കിനെ 23കാരനായ ഡിഗ്വ അഞ്ച് തവണ കുത്തുകയായിരുന്നു. സംഭവശേഷം നൊവാക് വംശീയ അധിക്ഷേപം നടത്തിയെന്ന വ്യാജ ആരോപണം ഡിഗ്വ പൊലീസിനോട് ഉന്നയിച്ചു. ഇതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നൊവാക്കിനെ തന്നെ പൊലീസ് കൈവിലങ്ങ് അണിയിച്ച സംഭവം ബ്രിട്ടനിലാകെ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളും അന്വേഷണവും ഡിഗ്വയുടെ ആരോപണം വ്യാജമാണെന്ന് തെളിയിച്ചു. കൊലക്കേസിൽ ഡിഗ്വയ്ക്ക് നേരത്തെ ജീവപര്യന്തം തടവും കുറഞ്ഞത് 21 വർഷം ജയിൽവാസവും കോടതി വിധിച്ചിരുന്നു.

സംഭവത്തിനുശേഷം കിരൺ കൗർ കത്തി വീട്ടിൽ ഒളിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിന്നീട് പൊലീസ് കൊലപാതക ആയുധം കണ്ടെത്തിയത്. ഉത്തരവാദിത്തമുള്ള ഒരു രക്ഷിതാവ് മകനെ നിയമത്തിന് മുന്നിൽ കീഴടങ്ങാൻ പ്രേരിപ്പിക്കേണ്ടതായിരുന്നുവെന്നും പകരം തെളിവ് മറച്ചുവെക്കാൻ ശ്രമിച്ചതാണ് കിരൺ കൗർ ചെയ്തതെന്നും ശിക്ഷ വിധിക്കവെ ജഡ്ജി വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികൾ ഇപ്പോഴും പ്രത്യേക അന്വേഷണത്തിന് വിധേയമാണ്.











Leave a Reply