ബെന്നി അഗസ്റ്റിൻ കാർഡിഫ്
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ച മന്ത്രിസഭയിൽ ഇന്ത്യൻ വംശജനായ കനിഷ്ക നാരായൺ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ചുമതലയുള്ള സ്റ്റേറ്റ് മന്ത്രിയായി തുടരും. എന്നിരുന്നാലും അദ്ദേഹം ക്യാബിനറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും പൂർണ ക്യാബിനറ്റ് മന്ത്രിമാരിൽ ഒരാളല്ല. ക്യാബിനറ്റ് ഓഫിസിനും ബിസിനസ്, ഇന്നൊവോഷൻ, സയൻസ് ആൻഡ് ട്രേഡ് വകുപ്പിനും കീഴിൽ സംയുക്ത ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്.

കനിഷ്ക നാരായൺ ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ പ്രമുഖ രാഷ്ട്രീയനേതാവും വെയിൽ ഓഫ് ഗ്ലാമോർഗൻ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗവുമാണ്. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം പാർലമെന്റിലെത്തിയിരുന്നു. തുടർന്ന് 2025 മുതൽ കൃത്രിമ ബുദ്ധിയും ഓൺലൈൻ സുരക്ഷയും കൈകാര്യം ചെയ്യുന്ന പാർലമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റായി സേവനം അനുഷ്ഠിക്കുന്നു.
1989-ൽ ഇന്ത്യയിലെ ബിഹാർ സംസ്ഥാനത്തിലെ മുസാഫർപൂരിൽ ജനിച്ചു. പിന്നീട് ഡൽഹിയിലേക്കും 2001ൽ 12-ആം വയസ്സിൽ കുടുംബത്തോടൊപ്പം കാർഡിഫ് (വെയിൽസ്) നഗരത്തിലേക്ക് കുടിയേറി. കാർഡിഫിൽ സ്വന്തമായി സോളിസിറ്റർസ് ആയി ജോലി ചെയ്യുന്ന അഡ്വ. സന്തോഷിന്റേയും അഡ്വ. ചേതന സിന്ഹയുടെയും രണ്ട് ആൺ മക്കളിൽ ഒരാളാണ് കനിഷ്ക.

കാർഡിഫിലെ Cathays High School-ൽ പഠിച്ച ശേഷം സ്കോളർഷിപ്പോടെ Eton College-ൽ ചേർന്നു.
തുടർന്ന് ഓക്സ്ഫോർഡ് സർവകലാശാലയിൽ Philosophy, Politics and Economics പഠിക്കുകയും പിന്നീട് Stanford University-യിൽ നിന്ന് MBA നേടുകയും ചെയ്തു. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് ബ്രിട്ടീഷ് സിവിൽ സർവീസിലും സ്വകാര്യ മേഖലയിലും, കാമറൂൺ – ക്ലെഗ്ഗ് ഭരണകാലത്ത് അവരുടെ ക്യാബിനറ്റ് ഓഫീസിലും പിന്നീട് ലിസ് ട്രസ്സിന്റെ സ്ട്രാറ്റജി അഡ്വൈസർ ആയും ജോലി ചെയ്തിരുന്നു. കൂടാതെ Citizens Advice, The Trussell Trust തുടങ്ങിയ സാമൂഹിക സംഘടനകളിലും സന്നദ്ധപ്രവർത്തകനായിരുന്നു.

2024-ൽ വെയിൽസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വംശീയ ന്യൂനപക്ഷ എം.പി. എന്ന ചരിത്രനേട്ടവും അദ്ദേഹം സ്വന്തമാക്കി. ഇന്ത്യയിൽ ജനിച്ച് വെയിൽസിൽ വളർന്ന് ബ്രിട്ടീഷ് പാർലമെന്റിലെത്തിയ അദ്ദേഹത്തിന്റെ ജീവിതയാത്ര, വിദ്യാഭ്യാസത്തിലൂടെയും പൊതുസേവനത്തിലൂടെയും ഉയർന്നുവന്ന ഒരു ശ്രദ്ധേയ വിജയകഥയായി വിലയിരുത്തപ്പെടുന്നു. പാർലമെന്റ് അംഗം ആയ ശേഷം എല്ലാ ശനിയാഴ്ചകളിലും തന്റെ മണ്ഡലത്തിലെ ജനങ്ങളെ കാണുവാൻ അദ്ദേഹം വന്നുകൊണ്ടിരിക്കുന്നു. വെയിൽ ഓഫ് ഗ്‌ളാമോർഗനിലെ മലയാളി പ്രോഗ്രാമുകളിൽ കനിഷ്ക തന്റെ സാന്നിത്യം എപ്പോഴും കാണിക്കാറുണ്ട്. അദ്ദേഹത്തിന്റെ പുതിയ നിയമനത്തിൽ യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, റീജിയണൽ പ്രസിഡന്റ് ജോഷി തോമസ്, കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോൾ, ബാരി മലയാളി വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത്, എന്നിവർ അദ്ദേഹത്തെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചിരുന്നു.











Leave a Reply