ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വയനാട് സുൽത്താൻബത്തേരി ഇരുളം സ്വദേശി മനോജ് കാവുങ്കൽ (39) നോട്ടിങ്ങാമിൽ അന്തരിച്ചു. ഏകദേശം ഒരു വർഷം മുൻപാണ് അദ്ദേഹത്തിന് ക്യാൻസർ സ്ഥിരീകരിച്ചത്. ദീർഘകാല ചികിത്സകൾക്കും ആറുമാസം മുൻപ് വിജയകരമായി പൂർത്തിയാക്കിയ ബോൺമാരോ ട്രാൻസ്‌പ്ലാന്റേഷനും പിന്നാലെ ആരോഗ്യനില മെച്ചപ്പെട്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും സുഹൃത്തുക്കളും. എന്നാൽ രണ്ടാഴ്ച മുൻപ് ഉണ്ടായ ഗുരുതര ഇൻഫെക്ഷൻ ആരോഗ്യനില വീണ്ടും വഷളാക്കുകയും നോട്ടിങ്ങാം സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
അഞ്ച് വർഷം മുൻപാണ് മനോജും ഭാര്യ ലിപികയും യുകെയിലെത്തിയത്. നോട്ടിങ്ങാമിൽ കുടുംബമായി താമസിച്ചിരുന്ന ഇവരുടെ ജീവിതത്തിന്റെ സന്തോഷമായിരുന്നു മൂന്നുവയസ്സുകാരിയായ ഏകമകൾ സിയോണ. ക്യാൻസറിനെ ആത്മവിശ്വാസത്തോടെ നേരിട്ട് ചികിത്സകൾ പൂർത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കുമെന്ന പ്രതീക്ഷകൾക്കിടെയായിരുന്നു അപ്രതീക്ഷിതമായ വേർപാട്. അച്ഛന്റെ സ്നേഹവും കരുതലും ഏറ്റവും ആവശ്യമായ പ്രായത്തിൽ സിയോണയെ തനിച്ചാക്കി മനോജ് യാത്രയായത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയാകെയും ദുഃഖത്തിലാഴ്ത്തി.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തുന്നതിനുള്ള നടപടികൾ സിറോ മലബാർ സഭയുടെ നോട്ടിങ്ങാം സെന്റ് ജോൺ മിഷന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സുൽത്താൻബത്തേരി ഇരുളം സെന്റ് സെബാസ്റ്റ്യൻസ് ആർ.സി. ചർച്ച് ഇടവകാംഗമായ മനോജിന്റെ യുകെയിലെ പൊതുദർശനവും നാട്ടിലെ സംസ്കാര ചടങ്ങുകളുടെയും തീയതികൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു. ഭാര്യ: ലിപിക (നേഴ്സ്, ക്വീൻസ് മെഡിക്കൽ സെന്റർ, നോട്ടിങ്ങാം). മകൾ: സിയോണ. മാതാപിതാക്കൾ: ജോസ് കാവുങ്കൽ, ഓമന ജോസ്. സഹോദരൻ: ഉല്ലാസ് കാവുങ്കൽ.
മനോജ് കാവുങ്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply