ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ കെയർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർക്ക് പുതിയ കുടിയേറ്റ നിയമങ്ങളിൽ നിന്ന് ഇളവ് നൽകുന്നത് ബ്രിട്ടീഷ് സർക്കാർ പരിഗണിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നു. യുകെയിലെ കെയർ മേഖലയിലാകെ നിരവധി വിദേശ തൊഴിലാളികളാണ് സേവനം അനുഷ്ഠിക്കുന്നത്. ഇവരിൽ ഗണ്യമായൊരു വിഭാഗം മലയാളികളുമാണ്. വയോജന പരിചരണ കേന്ദ്രങ്ങൾ, നേഴ്‌സിങ് ഹോമുകൾ, ഹോം കെയർ സേവനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് പുതിയ നീക്കം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. കെയർ മേഖലയിലെ തൊഴിലാളി ക്ഷാമവും സേവനരംഗം നേരിടുന്ന പ്രതിസന്ധിയും കണക്കിലെടുത്താണ് നിലവിൽ രാജ്യത്ത് ജോലി ചെയ്യുന്നവരെ പുതിയ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രധാനമന്ത്രി ആൻഡി ബേൺഹാം സാമൂഹിക പരിചരണ മേഖലയെ സർക്കാർ മുൻഗണനാ വിഷയമായി കാണുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. അൽഷിമേഴ്‌സ് രോഗബാധിതനായ തന്റെ പിതാവിന്റെ അനുഭവങ്ങൾ പരാമർശിച്ചുകൊണ്ട് കെയർ സംവിധാനത്തിൽ അടിയന്തിര പരിഷ്‌കാരങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദേശീയ പരിചരണ സേവനം രൂപീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിലെ നിർദേശപ്രകാരം സ്ഥിരതാമസത്തിനുള്ള (ILR) യോഗ്യത നേടാൻ കൂടുതൽ വർഷങ്ങൾ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകുമെങ്കിലും, കെയർ മേഖലയിലുള്ളവർക്ക് പ്രത്യേക ഇളവ് അനുവദിക്കുന്ന കാര്യമാണ് ഇപ്പോൾ പരിഗണനയിലുള്ളത്.

യുകെയിലെ ആരോഗ്യ-പരിചരണ മേഖലകളിൽ കഴിഞ്ഞ വർഷങ്ങളിലായി വലിയ തോതിൽ മലയാളികൾ കുടിയേറിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള നിരവധി നേഴ്‌സുമാരും കെയർ വർക്കർമാരും കുടുംബസമേതം യുകെയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. പുതിയ കുടിയേറ്റനിയമങ്ങൾ നടപ്പായാൽ കെയർ മേഖലയിലെ നിയമനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക തൊഴിലുടമകളും തൊഴിലാളി സംഘടനകളും ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിൽ രാജ്യത്തുള്ള കെയർ തൊഴിലാളികളെ പുതിയ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നത്.