ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കുട്ടികൾ മൊബൈൽ ഫോണുകളിൽ നഗ്നചിത്രങ്ങൾ പകർത്തുന്നതും പങ്കുവയ്ക്കുന്നതും തടയാൻ ടെക് കമ്പനികളെ നിർബന്ധിക്കുന്ന പുതിയ നിയമം കൊണ്ടുവരാൻ ബ്രിട്ടീഷ് സർക്കാർ. കുട്ടികൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും നഗ്നചിത്രങ്ങളിലേക്കുള്ള പ്രവേശനം തടയാൻ ആപ്പിളിനും ഗൂഗിളിനും നേരത്തെ മൂന്ന് മാസത്തെ സമയം നൽകിയിരുന്നു. എന്നാൽ കമ്പനികൾ മുന്നോട്ടുവച്ച നിലവിലെ നടപടികൾ പ്രതിസന്ധിയുടെ വ്യാപ്തിക്ക് അനുസരിച്ചുള്ളതല്ലെന്ന് കൾച്ചർ സെക്രട്ടറി ലിസ നാൻഡി എംപിമാരെ അറിയിച്ചു. ഉടൻ നിയമനിർമാണം നടത്താനാണ് സർക്കാരിന്റെ നീക്കം.

കുട്ടികൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ മാത്രമല്ല, അവർ ഉപയോഗിക്കുന്ന ആപ്പുകളിലും നഗ്നചിത്രങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് പുതിയ നിയമത്തിലെ നിർദേശം. കുട്ടികളെ ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, നഗ്നചിത്രങ്ങൾ ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ ഫോണുകളിൽനിന്ന് നഗ്നചിത്രങ്ങൾ പകർത്തുന്നതും പങ്കുവയ്ക്കുന്നതും തടയുന്നത് ലൈംഗിക ഭീഷണിക്കേസുകൾ കുറയ്ക്കുന്നതിൽ നിർണായക ചുവടുവയ്പ്പാകുമെന്ന് ബ്രിട്ടീഷ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നടപടികൾ നിയമമാക്കുന്നതിൽ ഇനിയും കാലതാമസം ഉണ്ടാകരുതെന്ന് എൻഎസ്പിസിസി ഉൾപ്പെടെയുള്ള സംഘടനകളും ആവശ്യപ്പെട്ടു.

കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളെ പിന്തുണയ്ക്കുന്നതായി ആപ്പിളും ഗൂഗിളും അറിയിച്ചു. 2021ൽ തന്നെ കുട്ടികൾ നഗ്നചിത്രങ്ങൾ കാണുന്നതും പങ്കുവയ്ക്കുന്നതും തടയാൻ ‘കമ്യൂണിക്കേഷൻ സേഫ്റ്റി’ സംവിധാനം അവതരിപ്പിച്ചിട്ടുണ്ടെന്ന് ആപ്പിൾ വ്യക്തമാക്കി. അതേസമയം, പുതിയ സംവിധാനങ്ങൾ നടപ്പാക്കുന്നതിന് ഉപയോക്താവ് കുട്ടിയാണോ മുതിർന്നയാളാണോ എന്ന് തിരിച്ചറിയേണ്ടിവരുന്നത് സ്വകാര്യതാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഓൺലൈൻ അവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി. ഓരോ മുതിർന്നയാളെയും ഡിജിറ്റൽ ഐഡി പരിശോധനയ്ക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടാകുമെന്നും സ്വകാര്യ ചിത്രങ്ങൾ സ്വതവേ സ്കാൻ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഓപ്പൺ റൈറ്റ്സ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. എന്നാൽ പുതിയ നിയമം നിരീക്ഷണ സംവിധാനമായി മാറില്ലെന്നാണ് സർക്കാരിന്റെ നിലപാട്.











Leave a Reply