ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിലുടനീളം വിമാന സർവീസുകൾ താളംതെറ്റി. ചൊവ്വാഴ്ച നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ ബുധനാഴ്ചയും സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പതിനായിരക്കണക്കിന് യാത്രക്കാരെയാണ് പ്രതിസന്ധി ബാധിച്ചത്. ഫ്ലൈറ്റ് റഡാർ24യുടെ കണക്കനുസരിച്ച് ആയിരത്തോളം വിമാനങ്ങൾ വരെ റദ്ദാക്കിയിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോൾ സേവനദാതാക്കളായ നാറ്റ്സിന്റെ (NATS) ഫ്ലൈറ്റ് ഡേറ്റാ പ്രോസസിങ് സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്.

ഹീത്രോ, ഗാറ്റ്‌വിക്, മാഞ്ചസ്റ്റർ, ബർമിങ്ങാം വിമാനത്താവളങ്ങളെയാണ് തകരാർ ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഈസിജെറ്റ് 200 വിമാനങ്ങളും ബ്രിട്ടീഷ് എയർവേയ്സ് നൂറിലേറെ വിമാനങ്ങളും റദ്ദാക്കി. വിമാനങ്ങൾ പുറപ്പെടുന്നത് തടസ്സപ്പെട്ടതോടെ ചില വിമാനത്താവളങ്ങളിൽ ലാൻഡിങ്ങിനുള്ള സൗകര്യവും പരിമിതമായി. ഹീത്രോയിലേക്ക് എത്തിയ 13 വിമാനങ്ങൾ യുകെയിലെയും യൂറോപ്പിലെയും മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. അയർലൻഡിലെയും സ്കോട് ലൻഡിലെയും വിമാനത്താവളങ്ങളിലും സർവീസുകൾക്ക് തടസ്സമുണ്ടായി. യാത്രക്കാർ വിമാനസ്ഥിതി എയർലൈനുകളുമായി പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് എത്തണമെന്നും അധികൃതർ നിർദേശിച്ചു.

പ്രശ്നം പരിഹരിച്ചാലും സർവീസുകൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. വിമാനങ്ങളുടെ വലിയ ബാക്ക്‌ലോഗ് രൂപപ്പെട്ടതാണ് കാരണം. റയനെയർ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നാറ്റ്സിന്റെ പ്രവർത്തനങ്ങളിൽ വിമർശനം ഉന്നയിച്ചു. 65,000ലേറെ യാത്രക്കാർക്ക് എട്ട് മണിക്കൂർ വരെ വൈകൽ നേരിട്ടതായി റയനെയർ അറിയിച്ചു. സംഭവത്തിൽ പൂർണ അന്വേഷണം നടത്തുമെന്ന് നാറ്റ്സ് മേധാവി മാർട്ടിൻ റോൾഫ് വ്യക്തമാക്കി. വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്ന സംവിധാനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും സംഭവത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ ആവശ്യപ്പെട്ടു.











Leave a Reply