ന്യൂസ് ഡെസ്ക്, മലയാളം യുകെ

റഷ്യ–ഉക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടെ നാറ്റോ അംഗരാജ്യമായ റൊമാനിയയുടെ വ്യോമാതിർത്തിയിൽ കടന്നുകയറിയ റഷ്യൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തി. മൂന്ന് ദിവസത്തിനിടെ റൊമാനിയയുടെ ആകാശപരിധി ലംഘിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കരിങ്കടലിന് മുകളിലൂടെ കടന്ന ഡ്രോണിനെ റൊമാനിയൻ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനം തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് നാറ്റോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർച്ചയായ അതിർത്തി ലംഘനങ്ങളെ റൊമാനിയൻ പ്രസിഡന്റ് നിക്കുഷോർ ഡാൻ അംഗീകരിക്കാനാവാത്ത സംഭവമെന്ന് വിശേഷിപ്പിച്ചു. ഉക്രെയ്‌നുമായി 650 കിലോമീറ്റർ അതിർത്തി പങ്കിടുന്ന റൊമാനിയ, കഴിഞ്ഞ 72 മണിക്കൂറിനിടെ സമാനമായ രണ്ട് ഡ്രോണുകളും വെടിവെച്ച് വീഴ്ത്തിയിരുന്നു. റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി റൊമാനിയ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഡാന്യൂബ് നദിക്കരയിലെ ഉക്രെയ്‌നിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി റഷ്യ ആക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ, യുദ്ധത്തിനായി ഉത്തരകൊറിയയിൽ നിന്ന് 30,000 സൈനികരെ കൂടി റഷ്യയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആരോപിച്ചു. റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉക്രെയ്‌നിലെ വിവിധ നഗരങ്ങളിൽ തുടരുന്നതിനിടെ ചെർനിഹിവിൽ ഒരു സൂപ്പർമാർക്കറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ 10 വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഖാർകീവിലും സപോരിഷ്യയയിലും ആക്രമണങ്ങളിൽ മരണവും പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സാധാരണക്കാർക്കും ഉക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളിൽ ജീവഹാനി സംഭവിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു.