ബ്രിട്ടനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിൽ (PHEV) നാലിൽ മൂന്ന് വാഹനങ്ങൾക്കും റാപിഡ് ചാർജറുകൾ ഉപയോഗിക്കാൻ കഴിയില്ലെന്ന വിവരം പുറത്തുവന്നു. മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ പല ഉടമകളും പെട്രോൾ എൻജിനുകളെ ആശ്രയിക്കുന്നതിനാൽ ഇത്തരം വാഹനങ്ങൾ പ്രതീക്ഷിച്ചത്ര കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നില്ലെന്ന ആശങ്കയും ഉയരുന്നുണ്ട്. ചാർജിങ് മേഖലയിലെ വ്യവസായ സംഘടനയായ ചാർജ് യുകെയുടെ വിശകലനത്തിലാണ് കണ്ടെത്തൽ.

രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 20 പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകളിൽ വിറ്റ വാഹനങ്ങളുടെ വെറും 26 ശതമാനത്തിനാണ് 50 കിലോവാട്ട് ശേഷിയിലോ അതിലധികമോ ഉള്ള റാപിഡ് ചാർജറുകൾ ഉപയോഗിക്കാൻ കഴിയുന്നത്. ജെകൂ 7, ഫോർഡ് കുഗ, ഹ്യുണ്ടായി ടക്സൺ, ബിവൈഡി സീൽ, എംജി എച്ച്എസ്, ബിഎംഡബ്ല്യു 3 സീരീസ് തുടങ്ങിയ ജനപ്രിയ മോഡലുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. അതേസമയം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 20 പൂർണ ഇലക്ട്രിക് വാഹനങ്ങൾക്കും റാപിഡ് ചാർജിങ് സൗകര്യം ലഭ്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം ബ്രിട്ടനിൽ 2.27 ലക്ഷം പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 2024നെ അപേക്ഷിച്ച് ഇത് ഏകദേശം 35 ശതമാനം വർധനയാണ്. ഇക്കൊല്ലം ഇതുവരെ 1.8 ലക്ഷം വാഹനങ്ങൾ കൂടി വിറ്റഴിഞ്ഞു. പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെ യഥാർത്ഥ കാർബൺ പുറന്തള്ളൽ ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്ന് സർക്കാർ തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇവയുടെ യഥാർത്ഥ കാർബൺ പുറന്തള്ളൽ ഏകദേശം 40 ശതമാനം കുറവാണെന്ന് ബ്രിട്ടീഷ് സർക്കാർ വാദിക്കുന്നു.











Leave a Reply