ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: തുടർച്ചയായ ചൂടും മഴക്കുറവും മൂലം ഇംഗ്ലണ്ടിലെ റെയിൽ സർവീസുകൾക്ക് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വരൾച്ച കാരണം റെയിൽപാതകൾക്ക് അടിത്തറയാകുന്ന മണ്ണിലെ ഈർപ്പം കുറഞ്ഞ് മണ്ണ് ചുരുങ്ങുന്നതാണ് പാതകളുടെ സ്ഥിരതയെ ബാധിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR) ചില സർവീസുകളുടെ വേഗം കുറയ്ക്കുകയും സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തു.

ഓഗസ്റ്റ് 10 മുതൽ യോവിൽ – എക്സിറ്റർ സെന്റ് ഡേവിഡ്‌സ് റൂട്ടിൽ രണ്ട് മണിക്കൂറിൽ ഒരു ട്രെയിൻ മാത്രമായിരിക്കും സർവീസ് നടത്തുക. ലണ്ടൻ വാട്ടർലൂ – എക്സിറ്റർ യാത്രകൾക്ക് നിലവിലുള്ളതിനേക്കാൾ 27 മിനിറ്റ് വരെ അധികസമയം വേണ്ടിവരുമെന്നും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ കിഴക്കൻ ഇംഗ്ലണ്ടിലെ ഗ്രേറ്റർ ആംഗ്ലിയ, ഗ്രേറ്റ് നോർതേൺ, സി2സി, എലിസബത്ത് ലൈൻ എന്നിവയും സമാന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.

വേനൽക്കാലത്തെ കടുത്ത ചൂടും വസന്തകാലത്തെ കുറഞ്ഞ മഴയും ചേർന്നുണ്ടാക്കിയ ‘സോയിൽ മോയ്സ്ചർ ഡെഫിസിറ്റ്’ അവസ്ഥയാണ് പ്രശ്നത്തിന് കാരണം. ദീർഘകാല വരൾച്ചയെത്തുടർന്ന് മണ്ണ് ചുരുങ്ങുമ്പോൾ റെയിൽപാളങ്ങളുടെ സ്ഥാനം മാറാനും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനെ നേരിടാൻ ട്രാക്കുകൾക്ക് അടിയിൽ പുതിയ ബലാസ്റ്റ് കല്ലുകൾ നിറയ്ക്കുകയും പ്രത്യേക യന്ത്രങ്ങൾ ഉപയോഗിച്ച് പാളങ്ങൾ പുനഃക്രമീകരിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ തുടരുകയാണെന്ന് നെറ്റ്‌വർക്ക് റെയിൽ അറിയിച്ചു.











Leave a Reply