ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഥീനസ്: ഗ്രീസ് തലസ്ഥാനമായ അഥീനസിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ സ്യൂട്ട്‌കേസിനുള്ളിൽ കണ്ടെത്തിയ മൃതദേഹം 38-കാരിയായ ബ്രിട്ടീഷ് യുവതി എലിസബത്ത് ജെയിൻ റോസിന്റേതാണെന്ന് ഗ്രീക്ക് പൊലീസ് സ്ഥിരീകരിച്ചു. ജൂലൈ 18-ന് കിപ്സെലി മേഖലയിലെ ഒരു കെട്ടിടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയെങ്കിലും തിരിച്ചറിയാൻ ദിവസങ്ങൾ എടുത്തിരുന്നു. യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചതായും അധികൃതർ അറിയിച്ചു.

സ്കോട്‍ ലൻഡിൽ ജനിച്ച എലിസബത്ത് ജെയിൻ റോസ് അമേരിക്കയിൽ നിന്ന് സൈപ്രസ് വഴിയാണ് ജൂൺ 29 -ന് ഗ്രീസിലെത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അഥീനസിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. ജൂലൈ 15 -നാണ് അവസാനമായി ഇവരെ കണ്ടതെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്. മൃതദേഹം കണ്ടെത്തുന്നതുവരെ ഇവരുടെ മൊബൈൽ ഫോൺ സജീവമായിരുന്നുവെന്ന വിവരവും കേസിന് കൂടുതൽ ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്.

പ്രാദേശിക ഡേറ്റാബേസുകളിൽ വിവരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് വിരലടയാളങ്ങൾ ഇന്റർപോളിന് കൈമാറിയ പൊലീസ്, ഡി.എൻ.എ പരിശോധനയുടെ സഹായത്തോടെയാണ് തിരിച്ചറിയൽ ഉറപ്പിച്ചത്. മൃതദേഹം കണ്ടെത്തിയ സാഹചര്യം കണക്കിലെടുത്ത് സംഭവം കുറ്റകൃത്യമായാണ് പരിഗണിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ, യാത്രാ രേഖകൾ, ഹോട്ടൽ ബുക്കിങ്ങുകൾ എന്നിവ പരിശോധിച്ച് യുവതിയുടെ അവസാന ദിവസങ്ങളിലെ നീക്കങ്ങൾ അറിയാനുള്ള ശ്രമം തുടരുകയാണ്.











Leave a Reply