ജോജി തോമസ്

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പൊതുസമൂഹത്തിൽ സജീവ ചർച്ചയായ വിഷയമായിരുന്നു കിഫ്ബിയും അതിനെതിരെയുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലുടെ റിപ്പോർട്ടും. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായുള്ള വിഭവസമാഹരണം ലക്ഷ്യമിട്ട് കേരള ഗവൺമെൻറ് രൂപീകരിച്ച ധനകാര്യ സ്ഥാപനമാണ് കിഫ്ബി. കിഫ്ബി വഴി അമ്പതിനായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് 2016 മുതലുള്ള അഞ്ചുവർഷം കൊണ്ട് സംസ്ഥാന ഗവൺമെൻറ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ഇതിനോടകം കിഫ്ബി 45,000 കോടി രൂപയുടെ 591 പ്രോജക്ടുകൾക്ക് ഭരണാനുമതി നൽകി കഴിഞ്ഞു. കഴിഞ്ഞ വർഷം കിഫ്ബിയുടെ മസാല ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതും അതുവഴി 2150 കോടിയോളം രൂപ വികസന പ്രവർത്തനങ്ങൾക്കായി സമാഹരിച്ചതും വാർത്തയായിരുന്നു. ഇതുതന്നെയാണ് ഇപ്പോൾ സിഎജിയുടെ എതിർപ്പിന് കാരണമായിരിക്കുന്നത്. സംസ്ഥാന ഗവൺമെന്റുകൾ വിദേശത്തുനിന്ന് വിഭവസമാഹരണം നടത്തുന്നുണ്ടെങ്കിൽ കേന്ദ്ര ഗവൺമെന്റിൻെറ മുൻകൂർ അനുവാദം വാങ്ങിയിരിക്കണമെന്നതാണ് ചട്ടം. എന്നാൽ കിഫ്ബി ഒരു സ്വതന്ത്ര കോർപ്പറേറ്റ് സ്ഥാപനമാണെന്നാണ് സംസ്ഥാന ഗവൺമെൻറിൻറെ വാദം. പക്ഷേ സംസ്ഥാന ഗവൺമെൻറിന് നൽകിയ കരടു റിപ്പോർട്ടിലില്ലാതിരുന്ന പരാമർശങ്ങൾ സംസ്ഥാന ഗവൺമെൻറിൻറെ വിശദീകരണം ചോദിക്കാതെ പൊടുന്നനെ പ്രധാന റിപ്പോർട്ടിൽ വന്നത് പലതരം അഭ്യൂഹങ്ങൾക്കും ഇടവരുത്തി. പ്രത്യേകിച്ച് സിഎജി ഗിരീഷ് ചന്ദ്ര മുർബു പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും വിശ്വസ്തനാണെന്ന ആക്ഷേപം പരക്കെ ഉള്ളതിനാൽ ആരോപണങ്ങൾക്ക് വിശ്വാസ്യത ഏറി. ഗുജറാത്ത് കേഡറിലെ ഐ.എ.എസ് ഓഫീസർ ആയിരുന്ന മുർമു മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഉദ്യോഗവൃന്ദത്തിലെ ഏറ്റവും വിശ്വസ്തനായിരുന്നു. ഗുജറാത്ത് കലാപത്തോടനുബന്ധിച്ച് കോടതിയിലെ നിയമനടപടികൾ നോക്കി നടത്താനുള്ള ചുമതല നരേന്ദ്രമോദി ഏൽപ്പിച്ചിരുന്നത് മുർമുവിനെയായിരുന്നു. ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎ ബിരുദം കരസ്ഥമാക്കിയ മുർമുവിനെ സീനിയർ ആയ നിരവധി ഐ.എ.എസ് ഓഫീസർമാരെ മറികടന്നാണ് മോദി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പദവിയിൽ എത്തിച്ചത്.

ഭരണഘടന സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വരുതിയിൽ നിർത്താനുള്ള ശ്രമം മോദി ഗവൺമെൻറിൻറെ മുഖമുദ്രയാണ്. മോദിക്കെതിരെ നീതിന്യായവ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുന്നത് ചൂണ്ടിക്കാട്ടി യുദ്ധകാഹളം മുഴക്കി സുപ്രീം കോടതി ജഡ്ജിയായ രഞ്ജൻ ഗോഗോയിയെ എങ്ങനെയാണ് മെരുക്കിയതെന്ന് ലോകം കണ്ടതാണ്. രഞ്ജൻ ഗോഗോയിപ്പോൾ രാജ്യസഭയിൽ ഇരുന്ന് മോദിക്ക് വേണ്ടി കൈപൊക്കുകയാണ്. രാജീവ് ഗാന്ധിക്കെതിരെ ബോഫേഴ്സ് അഴിമതിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ച അന്നത്തെ സിഎജി, ടി.എൻ ചതുർവേദി പിന്നീട് രാജ്യസഭ അംഗവും,കർണാടക ഗവർണറും മറ്റുമായി ഉപരോധിക്കപെടുന്നതും നമ്മൾ കണ്ടതാണ്.

അഴിമതിക്കെതിരെയുള്ള മോദിയുടെ നിലപാടുകൾ ആത്മാർത്ഥതയുള്ളതായിരുന്നെങ്കിൽ ശുചീകരണം പ്രതിപക്ഷത്ത് മാത്രമായി ഒതുക്കില്ലായിരുന്നു. സാക്ഷികളും പ്രതികളും ഇരകളുമായി 48-ൽ അധികം പേർ കൊല്ലപ്പെട്ട മധ്യപ്രദേശിലെ വ്യാപം അഴിമതിയുടെ ഗതി ഇതാവില്ലയിരുന്നു. അഴിമതിയുടെ മൂർത്ത ഭാവമായ ശശികലയും പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ പ്രയോഗിക്കാത്ത തന്ത്രങ്ങളില്ല. പിഎം കെയെർസ് ഫണ്ട് ഓഡിറ്റ് ചെയ്യാൻ സിഎജിക്ക് അനുമതി നൽകുകയും റാഫേലിനു മേലുള്ള പ്രതിപക്ഷ ആരോപണങ്ങളുടെ മേൽ കുറച്ചുകൂടി സുതാര്യമായ അന്വേഷണം ചെയ്യുക ആയിരുന്നെങ്കിൽ മോദിയുടെ നിലപാടുകൾക്ക് കുറച്ച് കൂടി വിശ്വാസ്യത ഉണ്ടാവുമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കോടികൾ വിലയിട്ട് വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളെ മറിച്ചിടുന്ന മോദിയുടെയും ബിജെപിയുടെയും അഴിമതിവിരുദ്ധ നിലപാടുകൾ വേശ്യയുടെ ചാരിത്ര പ്രസംഗം പോലെയാണ്.

എന്തായാലും കിഫ്ബിക്കെതിരെയുള്ള നീക്കത്തിലൂടെ കേന്ദ്ര ഗവൺമെൻറിൻറെ ലക്ഷ്യം ബിജെപി ഇതര ഗവൺമെൻറ് ഭരിക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൻറെ വികസന മുന്നേറ്റം തടയുക എന്നത് തന്നെയാണ്. അക്കൂട്ടത്തിൽ ഭാവിയിൽ ഇടതുപക്ഷത്തു നിന്ന് കേരള മുഖ്യമന്ത്രിയായി അവതരിപ്പിക്കാൻ സാധ്യതയുള്ള ഡോക്ടർ തോമസ് ഐസക്കിന് “ചെക്ക്” പറയാമെന്നും ബിജെപി കണക്കുകൂട്ടുന്നു.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.