ജിമ്മി കൂറ്റാരപ്പള്ളി
മദർവെൽ (സ്കോട്ലാൻഡ്): അന്യദേശത്ത് വിരിഞ്ഞ വിശ്വാസത്തിന്റെ പൂക്കാലം മദർവെല്ലിലെ ‘മർത്ത് മറിയം’ ദൈവാലയം. ചില ചരിത്രങ്ങൾ എഴുതപ്പെടുന്നത് മഷികൊണ്ടല്ല; പ്രത്യുത പ്രാർത്ഥനയും ത്യാഗവും പ്രത്യാശയുംകൊണ്ടാണ്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത് ഒരാളുടെ പരിശ്രമംകൊണ്ടല്ല; ഒരു സമൂഹത്തിന്റെ വിശ്വാസം, ഐക്യം, ആത്മസമർപ്പണം എന്നിവയുടെ കരുത്തുകൊണ്ടാണ്. സ്കോട്ലാൻഡിലെ മദർവെല്ലിൽ 2026 ജൂലൈ 26-ന് നടന്നത് അത്തരമൊരു ചരിത്ര നിമിഷമായിരുന്നു. സ്കോട്ലാൻഡിലെ പ്രവാസത്തിന്റെ തണുത്ത കാറ്റിലും ജീവിതത്തിന്റെ കഠിന പരീക്ഷണങ്ങൾക്കിടയിലും സ്വന്തം വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച ഒരു സമൂഹം, കാൽ നൂറ്റാണ്ടോളം നീണ്ട സ്കോട്ലാൻഡിലെ പ്രവാസ ജീവിതത്തിൻ്റെ കാത്തിരിപ്പിനൊടുവിൽ സ്വന്തമായി ദൈവാലയം സമർപ്പിച്ച ദിനം. ഇത് ഒരു കത്തോലിക്കാ പള്ളി യുടെ ആശീർവ്വാദം മാത്രമായിരുന്നില്ല; ഒരു തലമുറയുടെ പ്രാർത്ഥനയ്ക്ക് ലഭിച്ച ദൈവികമായ മറുപടിയായിരുന്നു.

മദർവെല്ലിലെ ‘മർത്ത് മറിയം’ (സെന്റ് മേരീസ്) സീറോ മലബാർ കത്തോലിക്കാ ദൈവാലയത്തിന്റെ കൂദാശാ കർമ്മങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ അതീവ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ഇതോടെ യുകെയിലെ സീറോ മലബാർ സഭയുടെ ഏഴാമത്തെ സ്വന്ത ദൈവാലയവും, സ്കോട്ലാൻഡിന്റെ മണ്ണിൽ ഉദിച്ച ആദ്യത്തെ സീറോ മലബാർ പള്ളിയും ചരിത്രത്തിന്റെ ഭാഗമായി. എന്നാൽ ഈ നേട്ടത്തിന്റെ യഥാർഥ മഹത്വം അക്കങ്ങളിൽ അളക്കാനാവില്ല. 2002-ൽ കാംബസ്ലാങ്ങിലെ സെന്റ് ബ്രൈഡ്സ് ദൈവാലയത്തിൽ ഏതാനും കുടുംബങ്ങൾ ചേർന്ന് ആരംഭിച്ച എളിയ പ്രാർത്ഥനാസംഗമം, ഇന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന ആത്മീയ ഭവനമായി വളർന്നിരിക്കുന്നു. പള്ളികളിൽ നിന്ന് പള്ളികളിലേക്ക് മാറിമാറി വിശുദ്ധ കുർബാന അർപ്പിച്ച കാൽ നൂറ്റാണ്ട്, ഓരോ ഞായറാഴ്ചയും ദൂരങ്ങൾ താണ്ടി വിശ്വാസം കാത്തുസൂക്ഷിച്ച കുടുംബങ്ങൾ, മലയാളവും സുറിയാനി പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറാൻ മാതാപിതാക്കൾ നടത്തിയ നിശ്ശബ്ദ പോരാട്ടം ഇതെല്ലാം ചേർന്നാണ് ‘മർത്ത് മറിയം’ ദൈവാലയത്തിന്റെ അടിത്തറ പാകപ്പെട്ടത്.

ഈ ചരിത്രദിനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പുറപ്പെടുവിച്ച ഡിക്രി (P 02/2026) പ്രകാരം ‘മർത്ത് മറിയം’ ദൈവാലയത്തെ സ്കോട്ലാൻഡിലെ ആദ്യത്തെ ഔദ്യോഗിക സീറോ മലബാർ ഇടവകയായി ഉയർത്തി. രൂപതാ ചാൻസലർ റവ. ഫാ. മാത്യു പിണക്കാട്ട് ഡിക്രി വായിച്ചുകേൾപ്പിച്ചതോടെ വിശ്വാസികളുടെ ഹൃദയങ്ങളിൽ ആനന്ദത്തിന്റെ പുതിയ അധ്യായം തുറന്നു. തുടർന്ന് റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിനെ (സുനിലച്ചൻ) ഈ പ്രഥമ ഇടവകയുടെ ആദ്യ വികാരിയായി പ്രഖ്യാപിച്ചു. G32 മുതൽ ML12 (G32,33,34,67,68,69,71,72,73,74,75, ML1,2,3,4,5,6,7,8,9,10,11,12) വരെയുള്ള പോസ്റ്റ് കോഡിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സീറോ മലബാർ വിശ്വാസികൾ ഇനി ഈ ഇടവകയുടെ ആത്മീയ കുടുംബത്തിന്റെ ഭാഗമാണ്. ഒരു ദേവാലയം ലഭിച്ചതിനേക്കാൾ വലിയ നേട്ടമാണ് ഒരു സ്ഥിരമായ ഇടവക രൂപംകൊണ്ടത് എന്നത്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ഈ സമൂഹത്തിന്റെ ഭാവി വലിയ അനിശ്ചിതത്വത്തിലായിരുന്നു. ദൈവാലയം സ്വന്തമാക്കുക എന്നതിനേക്കാൾ മിഷൻ നിലനിർത്താനുള്ള ശ്രമങ്ങൾ വിജയിക്കുമോ എന്ന ചോദ്യമായിരുന്നു എല്ലാവരുടെയും മനസ്സിൽ. എന്നാൽ വെറും പതിനൊന്ന് മാസത്തിനുള്ളിൽ നിയമപരവും സാമ്പത്തികവുമായ എല്ലാ പ്രതിസന്ധികളെയും മറികടന്ന് അസാധ്യമെന്ന് തോന്നിയ സ്വപ്നം യാഥാർഥ്യമായത് ദൈവപരിപാലനയുടെ വ്യക്തമായ അടയാളമാണെന്നാണ് വിശ്വാസികൾ കരുതുന്നത്. ഈ ദൈവാലയം വിശ്വാസികളുടെ പ്രാർത്ഥനകളും, സംഭാവനകളും സന്നദ്ധപ്രവർത്തകരുടെ വിയർപ്പും കുടുംബങ്ങളുടെ ത്യാഗങ്ങളും ചേർന്നതാണ്. റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിന്റെ നേതൃത്വവും മുൻ വൈദികരായ റവ. ഫാ. സെബാസ്റ്റ്യൻ കല്ലത്ത് വി.സി, ഫാ. ജോസഫ് വെമ്പാടംന്തറ വി.സി, ഫാ. ജോണി വെട്ടിക്കൽ വി.സി എന്നിവരുടെ ആത്മസമർപ്പിത ശുശ്രൂഷയും ഇടവക സമൂഹത്തിന്റെ അക്ഷീണ അധ്വാനവും, നിശ്ശബ്ദ സേവനവും ഒരുമിച്ചപ്പോഴാണ് ഈ മഹത്തായ നേട്ടം യാഥാർഥ്യമായത്. ഈ ദൈവാലയത്തിൻ്റെ കൂദാശ പ്രാദേശിക കത്തോലിക്കാ സമൂഹവും ഹൃദയപൂർവം ഏറ്റെടുത്തു. മദർവെൽ രൂപതയിലെ വിവിധ ഇടവകകൾ ഈ നേട്ടത്തെ തങ്ങളുടെ സന്തോഷമായാണ് ആഘോഷിച്ചത്. വരുംകാലങ്ങളിലും എല്ലാ സഹകരണവും ഉറപ്പുനൽകിയ അവരുടെ സമീപനം സഭൈക്യത്തിന്റെ മനോഹരമായ മാതൃകയായി.

ബിഷപ്പ് ജോസഫ് ടോൾ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെയും മദർവെൽ രൂപതയിലെയും നിരവധി വൈദികർ, നോർത്ത് ലാനാർക്ക്ഷെയർ പ്രൊവോസ്റ്റ് കെന്നത്ത് ഡഫി, എം.എസ്.പി ക്ലെയർ ആഡംസൺ, എം.പി പമേലാ നാഷ്, എം.പി ഡേവിഡ് ഡേ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ, ക്രൈസ്തവ സഭാ പ്രതിനിധികൾ, സ്കോട്ലാൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ എന്നിവർ ചടങ്ങിന് സാക്ഷികളായി. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ഡോ. ക്രിസ് കുര്യൻ, ഡോ. ഷെറിൻ ജെയ്സൺ എന്നിവർ അവതാരകരായി ചടങ്ങുകൾ ഭംഗിയായി ഏകോപിപ്പിച്ചു. വിശിഷ്ടാതിഥികളുടെ ആശംസാപ്രസംഗങ്ങളും ഈ ചരിത്രനേട്ടത്തിന്റെ പ്രാധാന്യം കൂടുതൽ എടുത്തുകാട്ടി.

ഇന്ന് മദർവെല്ലിൻ്റെ തിലകക്കുറിയായി ഉയർന്നുനിൽക്കുന്ന ‘മർത്ത് മറിയം’ ദൈവാലയം ഒരു ആരാധനാലയം മാത്രമല്ല. അത് ഒരു സമൂഹത്തിന്റെ ആത്മാവാണ്. പ്രവാസത്തിന്റെ മണ്ണിൽ വേരുറപ്പിച്ച വിശ്വാസത്തിന്റെ തണലാണ്. തലമുറകളെ കൂട്ടിയിണക്കുന്ന ആത്മീയ ഭവനമാണ്. മാതാപിതാക്കളുടെ പ്രാർത്ഥനകൾക്കും മക്കളുടെ ഭാവിക്കും ഇടയിലുള്ള പാലമാണ്.

ചരിത്രം ചിലപ്പോൾ വലിയ യുദ്ധങ്ങളെയും സാമ്രാജ്യങ്ങളെയും മാത്രമല്ല ഓർക്കുന്നത്; നിശ്ശബ്ദമായി വിശ്വാസം കാത്തുസൂക്ഷിച്ച മനുഷ്യരെയും ഓർക്കും. മദർവെല്ലിലെ ‘മർത്ത് മറിയം’ ദൈവാലയത്തിന്റെ ആശീർവ്വാദം അത്തരമൊരു ചരിത്രമാണ്. വരും തലമുറകൾക്ക് ഇത് ഒരു ദൈവാലയത്തിന്റെ കഥ മാത്രമല്ല, അന്യദേശത്ത് വിശ്വാസം കൈവിടാതിരുന്ന ഒരു സമൂഹത്തിന്റെ വിജയഗാഥയായി അറിയപ്പെടും.












Leave a Reply