ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ എൺപത് വർഷത്തോളം താമസിച്ച ദമ്പതികൾ ബ്രെക്സിറ്റിന് ശേഷമുള്ള പുതിയ കുടിയേറ്റ നിയമങ്ങളുടെ പിടിയിൽപ്പെട്ട് പോളണ്ടിലെ ക്രാക്കോവിൽ കുടുങ്ങി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടനിലെത്തിയ മരിയ ക്രൂപ (85), ചെസ്ലാവ് ക്രൂപ (92) ദമ്പതികൾ കുടുംബാംഗങ്ങളെ കാണാൻ പോളണ്ടിൽ പോയപ്പോഴാണ് മടങ്ങിവരുന്നതിൽ തടസം നേരിട്ടത്. യുകെയിൽ സ്ഥിരതാമസത്തിനുള്ള രേഖകളോ പുതിയ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനോ (ETA) ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിമാനത്തിൽ കയറാൻ അനുവദിച്ചില്ല.

1947–48 കാലഘട്ടത്തിൽ അഭയാർഥി കുടുംബങ്ങളോടൊപ്പം ബ്രിട്ടനിലെത്തിയ ഇവർ ജീവിതകാലം മുഴുവൻ അവിടെയാണ് കഴിഞ്ഞത്. എന്നാൽ ബ്രെക്സിറ്റിന് ശേഷം നിലവിൽ വന്ന നിയമങ്ങളെക്കുറിച്ച് അറിയാതിരുന്നതിനാൽ സ്വന്തം വീട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിലായി. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ചെസ്ലാവിന് ഈ സാഹചര്യം വലിയ മാനസിക സമ്മർദമുണ്ടാക്കിയതായി മരിയ പറഞ്ഞു.

പിന്നീട് ആവശ്യമായ നടപടികൾ പൂർത്തിയാക്കി ദമ്പതികൾക്ക് യുകെയിലേക്ക് മടങ്ങാനായി. സംഭവത്തെ തുടർന്ന്, വർഷങ്ങളായി ബ്രിട്ടനിൽ താമസിക്കുന്ന പ്രായമായ യൂറോപ്യൻ പൗരന്മാർക്കിടയിൽ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട രേഖാപ്രശ്നങ്ങൾ വ്യാപകമാണെന്ന് സഹായസംഘടനകൾ ചൂണ്ടിക്കാട്ടി. യാത്രയ്ക്ക് മുമ്പ് കുടിയേറ്റ പദവി പരിശോധിക്കുകയും ആവശ്യമായ രേഖകൾ പുതുക്കുകയും ചെയ്യണമെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.











Leave a Reply