ദുബായിൽ ജോലി വാഗ്ദാനം വിശ്വസിച്ച് എത്തിയ ദക്ഷിണ കേരളത്തിലെ 30-കാരിയായ മലയാളി യുവതി ലഹരിമരുന്ന് കേസിൽ ചതിക്കപ്പെട്ട് ജയിലിലായതിന്റെ ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ചു. ബിബിഎ പഠനം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉപേക്ഷിച്ച യുവതി ഇൻസ്റ്റഗ്രാമിൽ കണ്ട റിസപ്ഷനിസ്റ്റ് ജോലി പരസ്യം വിശ്വസിച്ചാണ് യുഎഇയിലെത്തിയത്. എന്നാൽ ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ കൈകളിൽ അകപ്പെട്ട യുവതിയുടെ പാസ്‌പോർട്ടും രേഖകളും പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തുകയും അനധികൃത പ്രവർത്തനങ്ങളിലേക്ക് നിർബന്ധിക്കുകയും ചെയ്തതായി യുവതി പറയുന്നു. പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികാരനടപടിയുടെ ഭാഗമായി ലഹരിമരുന്ന് കേസിൽ കുടുക്കപ്പെട്ട് അറസ്റ്റിലാകുകയായിരുന്നു.

ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് താൻ ഗർഭിണിയാണെന്ന് യുവതി അറിയുന്നത്. ഈ വർഷം ജനുവരിയിൽ ജയിലിൽവച്ചാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ജയിലിൽ അമ്മയ്ക്കും കുഞ്ഞിനും മികച്ച പരിചരണമാണ് ലഭിച്ചതെന്നും പിന്നീട് കേസിൽ ചതിക്കപ്പെട്ടതാണെന്ന് വ്യക്തമായതോടെ കോടതി ജാമ്യം അനുവദിച്ചെന്നും യുവതി പറഞ്ഞു. അതേസമയം, കേസിൽ അറസ്റ്റിലായ യുവതിയുടെ സുഹൃത്ത് ഇപ്പോഴും ജയിലിലാണ്. കേസിന് പിന്നിൽ പ്രവർത്തിച്ചെന്ന് ആരോപിക്കപ്പെടുന്നവർ ഇപ്പോഴും പിടിയിലാകാതെ തുടരുന്നതായും യുവതി ആരോപിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജാമ്യത്തിൽ പുറത്തിറങ്ങിയ യുവതി ഇപ്പോൾ ദുബായിലെ ഇടുങ്ങിയ മുറിയിൽ കൈക്കുഞ്ഞുമായി ദുരിതജീവിതം നയിക്കുകയാണ്. കുഞ്ഞിന് ജനന സർട്ടിഫിക്കറ്റോ ആവശ്യമായ വാക്സിനേഷനുകളോ ലഭിച്ചിട്ടില്ലെന്നും ഭക്ഷണത്തിനും താമസത്തിനും പോലും വലിയ ബുദ്ധിമുട്ടാണെന്നും അവർ പറയുന്നു. ഈ മാസം നടക്കുന്ന അന്തിമ കോടതി വിചാരണയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി ജോലി ചെയ്ത് മകളെ വളർത്താനാണ് ആഗ്രഹമെന്നും അതുവരെ ഇന്ത്യൻ കോൺസുലേറ്റിന്റെയും സന്നദ്ധ സംഘടനകളുടെയും നിയമസഹായവും മാനുഷിക പിന്തുണയും ലഭിക്കണമെന്നുമാണ് യുവതിയുടെ അഭ്യർഥന.