സന്നിധാനം: യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലുണ്ടായ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. ഒമ്പതു ദിവസം നീണ്ട നിരോധനാജ്ഞക്കാണ് ഇന്ന് അവസാനമാവുക. അതേസമയം നിരോധനാജ്ഞ പിന്‍വലിക്കുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നിരവധി അക്രമങ്ങളാണ് മണ്ഡലകാലത്തിന് മുന്‍പ് രണ്ട് തവണ നട തുറന്നപ്പോഴും ഉണ്ടായത്. മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ തന്നെ ഏതാണ്ട് 15,000ത്തോളം പോലീസ് സേനാംഗങ്ങളെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നിയമിച്ചിരുന്നു. അക്രമങ്ങള്‍ തടയിടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിച്ച നിരവധ സംഘ്പരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

നേരത്തെ നവംബര്‍ 22 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അത് പിന്നീട് 26 വരെ നീട്ടുകയായിരുന്നു. നിലവില്‍ ശബരിമലയിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. പോലീസ് ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ അക്രമങ്ങള്‍ തടയിടുന്നതിന് സഹായകമായിരുന്നു. നിരോധനാജ്ഞ പിന്‍വലിക്കുന്നത് അക്രമങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. യുവതീ പ്രവേശനം സാധ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ഇന്ന് പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്.