മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ നിർണായക ദൃക്‌സാക്ഷി കോടതിയിൽ കൂറുമാറി. ഓട്ടോറിക്ഷാ ഡ്രൈവറായ ഷഫീഖ് വിചാരണവേളയിൽ പ്രതിക്കനുകൂലമായി മൊഴി നൽകിയതോടെയാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടായത്. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്.
അപകടസമയത്ത് അമിതവേഗത്തിൽ എത്തിയ കാർ ബഷീറിന്റെ ബൈക്കിൽ ഇടിക്കുന്നതും വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നും നേരത്തെ പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ രഹസ്യമൊഴിയിൽ ഷഫീഖ് വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതിയിൽ നൽകിയ മൊഴിയിൽ വാഹനം ഓടിച്ചത് ആരാണെന്ന് അറിയില്ലെന്നും പ്രതിക്കൂട്ടിൽ നിൽക്കുന്നയാളെ തിരിച്ചറിയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നാലാം സാക്ഷിയായ പി.ഡബ്ല്യു.ഡി ഓഫിസിലെ വാച്ച്മാൻ അനിൽകുമാർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. അപകടശബ്ദം കേട്ട് പുറത്തുവന്നപ്പോൾ വാഹനം ഇടിച്ചു കിടക്കുന്നതാണ് കണ്ടതെന്നും വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് നാട്ടുകാരും പൊലീസും പറയുന്നത് കേട്ടതായും അദ്ദേഹം കോടതിയെ അറിയിച്ചു. 2019 ഓഗസ്റ്റ് 3-ന് പുലർച്ചെ നടന്ന അപകടത്തിൽ സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ മരിക്കുകയായിരുന്നു. കേസിൽ ഇതുവരെ നാല് സാക്ഷികളെയാണ് കോടതി വിസ്തരിച്ചിരിക്കുന്നത്.











Leave a Reply