ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കോപ്പിയടി ആരോപണവും അക്കാദമിക് നേട്ടങ്ങൾ സംബന്ധിച്ച വിവാദങ്ങളും ഉയർന്നതിനെ തുടർന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ സാമൂഹ്യശാസ്ത്ര പ്രൊഫസറായ ജേസൺ ആർഡേ സ്ഥാനമൊഴിഞ്ഞു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി. 2023-ൽ കേംബ്രിഡ്ജിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്ത വർഗക്കാരനായ പ്രൊഫസറെന്ന നിലയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ആർഡേ.

ഡോക്ടറൽ പ്രബന്ധത്തിലും മറ്റ് ഗവേഷണപ്രബന്ധങ്ങളിലും മറ്റുള്ളവരുടെ രചനകൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന ആരോപണങ്ങളാണ് പ്രധാനമായും ഉയർന്നത്. കൂടാതെ വിവിധ സർവകലാശാലകളുമായുള്ള അക്കാദമിക് ബന്ധങ്ങളും ബഹുമതി പദവികളും സംബന്ധിച്ച അവകാശവാദങ്ങളിലും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ആർഡേ, മുമ്പ് നടന്ന അന്വേഷണങ്ങളിൽ അക്കാദമിക് ക്രമക്കേട് തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് നിലപാട് സ്വീകരിച്ചത്.
തുടർച്ചയായ ആരോപണങ്ങളും പൊതുവിമർശനങ്ങളും കുടുംബത്തെയും വ്യക്തിജീവിതത്തെയും ഗുരുതരമായി ബാധിച്ചതിനാലാണ് രാജിവെക്കുന്നതെന്ന് ആർഡേ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, രാജി ആരോപണങ്ങൾ അംഗീകരിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേംബ്രിഡ്ജ് സർവകലാശാലയും ജീസസ് കോളജും വിഷയത്തിൽ പ്രത്യേക അന്വേഷണങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.











Leave a Reply